പരേഡസിനെ സ്വന്തമാക്കാൻ പ്രീമിയർ ലീഗ്, ലാലിഗ വമ്പന്മാർ!

അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസ് ഈ കഴിഞ്ഞുപോയ സീസണിൽ യുവന്റസിന് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഒരു വർഷത്തെ ലോൺ അടിസ്ഥാനത്തിൽ പിഎസ്ജിയിൽ നിന്നായിരുന്നു പരേഡസിനെ യുവന്റസ് സ്വന്തമാക്കിയത്. എന്നാൽ യുവന്റസിൽ മികവിലേക്ക് ഉയരാൻ ഈ അർജന്റൈൻ സൂപ്പർ താരത്തിന് സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ യുവന്റസ് അദ്ദേഹത്തിന്റെ ലോൺ കാലാവധി പുതുക്കിയതുമില്ല.

താരത്തെ നിലനിർത്താൻ അദ്ദേഹത്തിന്റെ ക്ലബ്ബായ പിഎസ്ജിക്ക് താല്പര്യമില്ല.പരേഡസും പിഎസ്ജി വിടാൻ തന്നെയാണ് ആഗ്രഹിക്കുന്നത്. ഇപ്പോഴിതാ രണ്ട് ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വന്നിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി. സ്പാനിഷ് വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് എന്നിവരാണ് ഈ അർജന്റീന സൂപ്പർ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുള്ളത്.മുണ്ടോ ആൽബിസെലസ്റ്റ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ രണ്ട് ക്ലബ്ബുകളും താരത്തെ സ്ഥിരമായി സ്വന്തമാക്കാനാണോ അതോ ലോൺ അടിസ്ഥാനത്തിൽ എത്തിക്കാനാണോ ശ്രമിക്കുന്നത് എന്നുള്ളത് വ്യക്തമല്ല. നിരവധി അർജന്റീന താരങ്ങൾ കളിച്ചുകൊണ്ടിരിക്കുന്ന ടീമാണ് അത്ലറ്റിക്കോ മാഡ്രിഡ്.റോഡ്രിഗോ ഡി പോൾ,മൊളീന,എയ്ഞ്ചൽ കൊറേയ എന്നിവരൊക്കെ അത്ലറ്റിക്കോയുടെ താരങ്ങളാണ്. അതുകൊണ്ടുതന്നെ പരേഡസിനെ സ്വന്തമാക്കിയാൽ അത് സിമയോണിക്ക് ഗുണം ചെയ്തേക്കും.അതേസമയം അർജന്റീനയുടെ മറ്റൊരു മധ്യനിര താരമായ എൻസോ ഫെർണാണ്ടസ് നിലവിൽ ചെൽസിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. അവർക്കും പരേഡസിനെ ആവശ്യമുണ്ട്.

കഴിഞ്ഞ ഇൻഡോനേഷ്യക്കെതിരെയുള്ള അർജന്റീനയുടെ സൗഹൃദമത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീന വിജയിച്ചത്.ആ മത്സരത്തിൽ ഒരു ഗോൾ പരേഡസിന്റെ വകയായിരുന്നു.തകർപ്പൻ ഷോട്ടിലൂടെ താരം നേടിയ ആ ഗോൾ ആരാധകരുടെ മനം കവർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *