പരിശീലകനാവും,അസിസ്റ്റന്റ് അദ്ദേഹമായിരിക്കും :ഡി മരിയയുടെ വെളിപ്പെടുത്തൽ!
സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.കോപ്പ അമേരിക്ക കിരീടം നേടി കൊണ്ടാണ് അദ്ദേഹം അർജന്റീന ടീമിൽ നിന്നും പടിയിറങ്ങിയത്.എന്നാൽ അടുത്ത മത്സരത്തിനു മുന്നോടിയായി അദ്ദേഹത്തെ ആദരിക്കാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അർജന്റൈൻ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ഡി മരിയയെന്നും അദ്ദേഹത്തിന് അർഹിച്ച ആദരം നൽകുമെന്നുമായിരുന്നു പരിശീലകനായ സ്‌കലോണി പറഞ്ഞിരുന്നത്.
അർജന്റൈൻ സൂപ്പർ താരമായ പരേഡസ് മുമ്പ് ഡി മരിയയെ കുറിച്ച് സംസാരിക്കുന്ന സമയത്ത് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. അതായത് ഡി മരിയ ഭാവിയിൽ പരിശീലകൻ ആകുമ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആവാൻ താൻ ആഗ്രഹിക്കുന്നു എന്നായിരുന്നു പരേഡസ് പറഞ്ഞിരുന്നത്. ഇക്കാര്യം ഡി മരിയയും ശരി വെച്ചിട്ടുണ്ട്.പരിശീലകരാവുന്നതിനെ കുറിച്ച് തങ്ങൾ ഇരുവരും ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ നിലവിൽ കോച്ചിംഗ് കോഴ്സ് ചെയ്യുന്നുണ്ട്. ഭാവിയിൽ പരിശീലകനാവാനുള്ള അവസരം ലഭിച്ചാലോ ?എനിക്ക് ഇപ്പോൾ തന്നെ ഒരു അസിസ്റ്റന്റ് പരിശീലകൻ ഉണ്ട്. ഇതിനോടകം തന്നെ പരേഡസ് എന്നിൽ സമ്മർദ്ദം ചെലുത്തി കഴിഞ്ഞു.അദ്ദേഹം പറഞ്ഞത് നമ്മൾ എല്ലാവരും കണ്ടതാണല്ലോ.പാരീസിൽ ആയിരുന്ന സമയത്ത് തന്നെ ഞങ്ങൾ ഇതേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ഞാൻ പരിശീലകൻ ആവുകയാണെങ്കിൽ അദ്ദേഹം അസിസ്റ്റന്റ് ആയി കൊണ്ട് എന്നോടൊപ്പം ഉണ്ടാകും. ഞങ്ങൾ തമ്മിൽ ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ അത്രയേറെ സൗഹൃദത്തിലാണ് ഉള്ളത് ” ഇതാണ് ഡി മരിയ പറഞ്ഞിട്ടുള്ളത്.
ഭാവിയിൽ പരിശീലകൻ ആവാൻ തന്നെയാണ് ഡി മരിയ ഉദ്ദേശിക്കുന്നത്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ അദ്ദേഹം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് അദ്ദേഹം കളിച്ചിരുന്നത്.അർജന്റീനയിലെ റൊസാരിയോ സെൻട്രൽ എന്ന ക്ലബ്ബിലേക്ക് മടങ്ങിയെത്താൻ താരം ആഗ്രഹിക്കുന്നുണ്ടെങ്കിലും അവിടുത്തെ മാഫിയ സംഘങ്ങളുടെ ഭീഷണി കാരണം ഡി മരിയ അതിൽ നിന്നും പിന്മാറുകയായിരുന്നു.