പരിക്കോട് പരിക്ക്, അർജന്റീന ഗുരുതര പ്രതിസന്ധിയിൽ, വലിയ മാറ്റങ്ങൾ വരുന്നു,
കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് പരാഗ്വ അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇനി അർജന്റീന അടുത്ത മത്സരം പെറുവിനെതിരെയാണ് കളിക്കുക. വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.അർജന്റീനയിൽ വെച്ചുകൊണ്ടാണ് മത്സരം നടക്കുക.
എന്നാൽ അർജന്റീനയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. സമീപകാലത്ത് പരിക്കുകൾ അവരെ വല്ലാതെ അലട്ടുന്നുണ്ട്.ലിസാൻഡ്രോ മാർട്ടിനസ്,ജർമ്മൻ പെസല്ല,നിക്കോളാസ് ഗോൺസാലസ് എന്നിവർ പരിക്കു കാരണം നേരത്തെ പുറത്തായിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മത്സരത്തിൽ മൂന്ന് താരങ്ങൾക്കാണ് പരിക്കേറ്റത്.ക്രിസ്റ്റ്യൻ റൊമേറോ പരിക്കിന്റെ പിടിയിലാണ്. അതുപോലെതന്നെ നഹുവെൽ മൊളീന,നിക്കോളാസ് ടാഗ്ലിയാഫിക്കോ എന്നിവരും പരിക്കിന്റെ പിടിയിലാണ്.
പ്രതിരോധത്തിൽ പരിക്കുകൾ അലട്ടുന്നതുകൊണ്ടുതന്നെ ഫകുണ്ടോ മെഡിനയെ സ്കലോണി ടീമിലേക്ക് എടുത്തിരുന്നു. കൂടാതെ ജൂലിയാനോ സിമയോണിയെ കഴിഞ്ഞ ദിവസം അദ്ദേഹം ടീമിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.മൊളീനക്ക് പകരമായി കൊണ്ടാണ് സിമയോണിയെ പരിശീലകൻ കൊണ്ടുവന്നിട്ടുള്ളത്.
അടുത്ത മത്സരത്തിൽ പ്രതിരോധനിരയിൽ വലിയ മാറ്റങ്ങൾ ഉണ്ടാവും എന്നത് ഉറപ്പായി കഴിഞ്ഞു.റൊമേറോയുടെ സ്ഥാനത്ത് ബാലർഡിയായിരിക്കും കളിക്കുക. അതുപോലെതന്നെ റൈറ്റ് ബാക്ക് പൊസിഷനിൽ ഗോൺസാലോ മോന്റിയേൽ ഉണ്ടാകും. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ടാഗ്ലിയാഫിക്കോ ഓക്കേ ആയിട്ടില്ലെങ്കിൽ മെഡിനയായിരിക്കും കളിക്കുക. ചുരുക്കത്തിൽ ഡിഫൻസിൽ പുതിയ താരങ്ങളെ വെച്ചു കൊണ്ടായിരിക്കും അർജന്റീന ഇറങ്ങുക. ഇത്തരം പ്രതിസന്ധികൾ ഒക്കെയുണ്ടെങ്കിലും പെറുവിനെതിരെ വിജയം നേടാൻ കഴിയും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.