പരിക്കും യാത്രാവിലക്കും, അർജന്റൈൻ ടീം പ്രതിസന്ധിയിൽ !

ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഒരുക്കങ്ങളിലാണ് സ്കലോണിയുടെ അർജന്റീന. എന്നാൽ മത്സരത്തിന് മുന്നേ തന്നെ നിരവധി പ്രതിസന്ധികളാണ് അർജന്റൈൻ ടീമിന് അഭിമുഖീകരിക്കേണ്ടി വരുന്നത്. താരങ്ങളുടെ പരിക്കും താരങ്ങൾക്ക്‌ ക്ലബുകൾ ഏർപ്പെടുത്തിയ യാത്രാവിലക്കുമാണ് സ്കലോണിക്കിപ്പോൾ തലവേദന സൃഷ്ടിച്ചിരിക്കുന്നത്. നിലവിൽ കോവിഡ് യൂറോപ്പിൽ രണ്ടാം വരവ് നടത്തിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇറ്റലിയിൽ കാര്യങ്ങൾ അല്പം ഗുരുതരമാണ്. അതിനാൽ തന്നെ പല സിരി എ ക്ലബുകളും തങ്ങളുടെ താരങ്ങൾക്ക്‌ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള താരങ്ങൾക്ക്‌ തങ്ങളുടെ നാഷണൽ ടീമിനൊപ്പം ചേരാൻ സാധിക്കില്ല. ഇതാണിപ്പോൾ അർജന്റൈൻ ടീമിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. സിരി എ ക്ലബുകളായ സാസുവോളോ, ഫിയോറെന്റിന, റോമ, ലാസിയോ എന്നീ ക്ലബുകളാണ് തങ്ങളുടെ താരങ്ങൾക്ക്‌ യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ഫലമായി അർജന്റൈൻ താരങ്ങളായ ലുക്കാസ് മാർട്ടിനെസ് ക്വർട്ട, ജോക്കിൻ കൊറേയ എന്നീ താരങ്ങൾക്ക്‌ ടീമിനൊപ്പം ചേരാൻ സാധിക്കില്ല. എന്നാൽ സ്വകാര്യവിമാനങ്ങളിൽ സഞ്ചരിക്കാൻ ഇന്റർമിലാൻ താരങ്ങൾക്ക്‌ അനുമതി നൽകിയിട്ടുണ്ട്. ഇതിനാൽ തന്നെ ലൗറ്ററോ മാർട്ടിനെസ് തന്റെ വിമാനത്തിലെത്തി അർജന്റൈൻ ടീമിനോടൊപ്പം ചേരും. കൂടാതെ പരിക്ക് മൂലം പൂർണ്ണഫിറ്റ്നസ് വീണ്ടെടുക്കാത്ത ദിബാലയും ടീമിൽ നിന്ന് പിന്മാറിയിട്ടുണ്ട്. താരത്തിനെ ഇപ്പോഴും ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ട് എന്നുള്ളതാണ് സ്കലോണി താരത്തെ ഒഴിവാക്കാൻ കാരണം. കൂടാതെ മാർക്കോസ് അക്യുനക്കും പരിക്കാണ്. താരത്തെയും ടീമിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇങ്ങനെ നിലവിൽ ഒരു പ്രതിസന്ധിയിലൂടെയാണ് അർജന്റൈൻ ടീം കടന്നു പോവുന്നത്. എന്നാൽ യാത്രാവിലക്കിലെ വ്യക്തമായ വിവരങ്ങൾ തുടർന്ന് ലഭ്യമായെക്കും. ഈ മാസം പെറു, പരാഗ്വ എന്നിവർക്കെതിരെയാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *