പത്താം വയസ്സിൽ ക്രിസ്റ്റ്യാനോയെ കാണാൻ സഹായിച്ചു, ഇന്ന് അദ്ദേഹത്തെ ക്ഷണിച്ച് എംബപ്പേ
ഇന്ന് യുവേഫ യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ കരുത്തർ തമ്മിലാണ് ഏറ്റുമുട്ടുന്നത്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിന്റെ എതിരാളികൾ പോർച്ചുഗല്ലാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം നടക്കുക. സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബപ്പേയും മുഖാമുഖം വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കിലിയൻ എംബപ്പേയുടെ ഐഡോളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. കുട്ടിക്കാലം തൊട്ടേ എംബപ്പേ ഇഷ്ടപ്പെടുന്ന,മാതൃകയാക്കുന്ന താരമാണ് റൊണാൾഡോ. ചെറിയ പ്രായത്തിൽ തന്നെ റൊണാൾഡോയെ നേരിട്ട് കാണാനും ഫോട്ടോ എടുക്കാനുമുള്ള ഭാഗ്യം എംബപ്പേക്ക് ലഭിച്ചിരുന്നു.അതിന്റെ പിറകിൽ ഒരു കഥയുണ്ട്. അതായത് 2009 ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റയൽ മാഡ്രിഡും ഒളിമ്പിക് മാഴ്സേയും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.ഫ്രാൻസിൽ വെച്ച് നടന്ന ഈ മത്സരം വീക്ഷിക്കാൻ കേവലം 10 വയസ്സുള്ള കിലിയൻ എംബപ്പേയും അദ്ദേഹത്തിന്റെ മാതാവും ഉണ്ടായിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയെ കാണുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എംബപ്പേയും അമ്മയും എത്തിയിരുന്നത്.
എന്നാൽ മത്സരം അവസാനിച്ചതിനുശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിട്ട് കാണാനും ഫോട്ടോ എടുക്കാനുള്ള അവസരം എംബപ്പേക്ക് ലഭിച്ചിരുന്നില്ല.തുടർന്ന് എംബപ്പേ കരയുകയും ചെയ്തു. ആ സമയത്ത് എംബപ്പേയേയും അദ്ദേഹത്തിന്റെ അമ്മയെയും സഹായിച്ചത് ഒളിമ്പിക്ക് മാഴ്സേ ടിവിയിൽ പ്രവർത്തിച്ചിരുന്ന ജീൻ ചാൾസ് ഡി ബോനോ എന്ന വ്യക്തിയായിരുന്നു.അദ്ദേഹം മുഖാന്തരം റൊണാൾഡോയെ കാണാനുള്ള അവസരം എംബപ്പേക്ക് ലഭിക്കുകയായിരുന്നു.
വർഷങ്ങൾ പിന്നിട്ടിട്ടും എംബപ്പേ ഇക്കാര്യം മറന്നിട്ടില്ല. മാത്രമല്ല തന്നെ അന്ന് സഹായിച്ച ഈ വ്യക്തിയെ ഇന്നത്തെ മത്സരം വീക്ഷിക്കാൻ വേണ്ടി എംബപ്പേ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ അമ്മ വഴിയാണ് ഈ ക്ഷണം നൽകിയിട്ടുള്ളത്.തനിക്ക് അന്നത്തെ സംഭവം കൃത്യമായി ഓർമ്മയില്ലെന്ന് ചാൾസ് പറഞ്ഞിട്ടുണ്ട്. എന്നാൽ എംബപ്പേ ഇപ്പോഴും തന്നെ ഓർത്തിരിക്കുന്നു എന്നുള്ളത് അദ്ദേഹത്തിന്റെ ഹൃദയ വിശാലതയാണ് കാണിക്കുന്നത് എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ഏതായാലും എംബപ്പേയുടെ പ്രവർത്തി വലിയ കൈയ്യടികളാണ് അദ്ദേഹത്തിന് നേടി കൊടുത്തിട്ടുള്ളത്.