പക്കേറ്റയെ വീണ്ടും തഴഞ്ഞത് എന്തുകൊണ്ട്? ഡിനിസിന്റെ വിശദീകരണം!

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക. ആദ്യമത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.വരുന്ന പതിനേഴാം തീയതിയാണ് ആ മത്സരം നടക്കുക. പിന്നീട് നവംബർ 22 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീൽ ചിരവൈരികളായ അർജന്റീനയെ നേരിടും. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ആ പോരാട്ടം അരങ്ങേറുക.

ഈ മത്സരങ്ങൾക്ക് വേണ്ടിയുള്ള ബ്രസീൽ ടീമിനെ പരിശീലകനായ ഫെർണാണ്ടൊ ഡിനിസ് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യനിരയിലെ സൂപ്പർ താരം ലുക്കാസ് പക്കേറ്റക്ക് വീണ്ടും ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ബെറ്റിങ്ങുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം അദ്ദേഹത്തിനെതിരെ നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ ടീമിലും ഇടം നേടാൻ പക്കേറ്റക്ക് സാധിച്ചിരുന്നില്ല.പക്കേറ്റ ക്ലബ്ബിൽ കളിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് നാഷണൽ ടീമിൽ അദ്ദേഹത്തെ വീണ്ടും തഴഞ്ഞു എന്ന് ഡിനിസിനോട് ചോദിക്കപ്പെട്ടിരുന്നു.അതിനുള്ള വിശദീകരണം ബ്രസീൽ പരിശീലകൻ നൽകുന്നത് ഇങ്ങനെയാണ്.

” ഈ ജനറേഷനിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കൊണ്ട് ഞാൻ പരിഗണിക്കുന്ന താരമാണ് പക്കേറ്റ.അദ്ദേഹത്തെ ടീമിലേക്ക് എടുക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. തീർച്ചയായും സ്ഥാനത്തിന് വേണ്ടി പോരാടുന്ന ഒരാളാണ്.എനിക്ക് വളരെയധികം ഇഷ്ടമുള്ള ഒരു താരം കൂടിയാണ് അദ്ദേഹം.പക്ഷേ അദ്ദേഹത്തിനെതിരെ ഇപ്പോഴും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.ആ അന്വേഷണം ഇതുവരെ പൂർത്തിയായിട്ടില്ല. ഈ ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ ടീമിലേക്ക് തിരഞ്ഞെടുത്താൽ,എന്തുകൊണ്ട് കഴിഞ്ഞതവണ അദ്ദേഹത്തെ ഒഴിവാക്കി എന്ന് നിങ്ങൾ എന്നോട് ചോദിക്കും. ഇനി നാലുമാസം കഴിഞ്ഞതിനുശേഷം മാത്രമാണ് മത്സരങ്ങൾ ഉള്ളത്. അതിനിടയിൽ ഇക്കാര്യങ്ങളിൽ ഒരു വ്യക്തത കൈവരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇതൊക്കെ സമയവുമായി ബന്ധപ്പെട്ടതാണ് ” ഡിനിസ് പറഞ്ഞു.

കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ കളിച്ച രണ്ടു മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നില്ല. അവസാനത്തെ മത്സരത്തിൽ ഉറുഗ്വ ബ്രസീലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിക്കുകയായിരുന്നു.വരുന്ന രണ്ടു മത്സരങ്ങളും ബ്രസീലിന് വലിയ വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *