പകുതിയോളം പെനാൽറ്റികൾ സേവ് ചെയ്തു,റൊമേറോയെ തിരികെ വിളിക്കാത്തതിൽ പ്രതിഷേധവുമായി അർജന്റൈൻ ആരാധകർ!
സെർജിയോ റൊമേറോ എന്ന ഗോൾകീപ്പർക്ക് എന്നും അർജന്റീന ആരാധകരുടെ ഹൃദയത്തിൽ സ്ഥാനമുണ്ട്.അതിന്റെ പ്രധാനപ്പെട്ട കാരണം 2014 വേൾഡ് കപ്പ് തന്നെയാണ്.ആ വേൾഡ് കപ്പിൽ ഗോൾവലക്ക് കീഴിൽ തകർപ്പൻ പ്രകടനമായിരുന്നു സെർജിയോ റൊമേറോ നടത്തിയിരുന്നത്.നെതർലാന്റ്സിനെതിരെയുള്ള ആ സെമിഫൈനൽ മത്സരം ഒന്നും ആരാധകർ മറക്കാൻ സാധ്യതയില്ല.
എന്നാൽ പിന്നീട് ഈ ഗോൾകീപ്പർക്ക് അർജന്റീന ദേശീയ ടീമിലെ സ്ഥാനം നഷ്ടമാവുകയായിരുന്നു.പക്ഷേ 36 വയസ്സുള്ള ഈ താരം തകർപ്പൻ ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കോപ്പ ലിബർട്ടഡോറസ് സെമി ഫൈനലിൽ ബൊക്ക ജൂനിയേഴ്സ് പാൽമിറാസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിൽ ബൊക്കയുടെ ഹീറോയായത് റൊമേറോ തന്നെയാണ്.പാൽമിറാസിന്റെ ആദ്യ രണ്ട് പെനാൽറ്റികളും ഇദ്ദേഹം സേവ് ചെയ്യുകയായിരുന്നു.
കോപ ലിബർട്ടഡോറസിൽ ഇതുവരെ ആകെ 6 പെനാൽറ്റികൾ ഇദ്ദേഹം സേവ് ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ അർജന്റൈൻ ക്ലബ്ബിൽ ആകെ നേരിട്ട് 23 പെനാൽറ്റികളിൽ 12 പെനാൽറ്റികളും ഇദ്ദേഹം സേവ് ചെയ്തിട്ടുണ്ട്. അതായത് പകുതിയോളം പെനാൽറ്റികളും ഈ ഗോൾകീപ്പർ രക്ഷപ്പെടുത്തിയിട്ടുണ്ട് എന്നർത്ഥം. അത്രയും മികച്ച ഫോമിലാണ് ഈ താരം ഇപ്പോൾ കളിക്കുന്നത്.
Sergio Romero has saved 12 of the 23 penalty kicks he has faced with Boca Juniors! pic.twitter.com/fYEE9Fptzs
— Roy Nemer (@RoyNemer) October 6, 2023
അർജന്റീനയുടെ ദേശീയ ടീമിലേക്ക് റൊമേറോയെ തിരികെ വിളിക്കണം എന്ന ആവശ്യം ശക്തമാണ്. എന്നാൽ പരിശീലകനായ ലയണൽ സ്കലോണി റൊമേറോയെ പുതിയ സ്‌ക്വാഡിലും ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം 36 കാരനായ ഫ്രാങ്കോ അർമാനിയെ സ്കലോണി വീണ്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരെ അർജന്റീനയിൽ തന്നെ ഇപ്പോൾ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. റിവർ പ്ലേറ്റ് ഗോൾകീപ്പറായ അർമാനിയേക്കാൾ എന്തുകൊണ്ടും അർഹത റൊമേറോക്ക് തന്നെയാണ് എന്നാണ് ബൊക്ക ജൂനിയേഴ്സ് ആരാധകർ വാദിക്കുന്നത്.രണ്ട് പേർക്കും 36 വയസ്സ് തന്നെയാണുള്ളത്.റൊമേറോയെ ഉൾപ്പെടുത്താത്തതിൽ അർജന്റീനയിൽ ഉള്ള ആരാധകർക്ക് കടുത്ത അസംതൃപ്തി ഉണ്ട്.