ന്യായമില്ലാത്ത പ്രസ്താവന,എംബപ്പേക്ക് മറുപടിയുമായി ലൗറ്ററോ മാർട്ടിനെസും!

ദിവസങ്ങൾക്ക് മുമ്പായിരുന്നു പിഎസ്ജിയുടെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ സൗത്ത് അമേരിക്കൻ ഫുട്ബോളിനെയും യൂറോപ്യൻ ഫുട്ബോളിനെയും താരതമ്യം ചെയ്തു കൊണ്ട് ഒരു പ്രസ്താവന നടത്തിയത്. അതായത് വേൾഡ് കപ്പിലേക്ക് എത്താൻ അർജന്റീനയും ബ്രസീലും നല്ല നിലവാരമുള്ള മത്സരങ്ങൾ കളിക്കേണ്ടി വരുന്നില്ല എന്നായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. മാത്രമല്ല ലാറ്റിനമേരിക്കൻ ഫുട്ബോളിനെക്കാൾ മികച്ചതാണ് യൂറോപ്യൻ ഫുട്ബോളെന്നും എംബപ്പേ കൂട്ടിച്ചേർത്തിരുന്നു.

എന്നാൽ എംബപ്പേയുടെ ഈയൊരു വാദത്തിന് ഇന്റർമിലാന്റെ അർജന്റൈൻ സൂപ്പർതാരമായ ലൗറ്ററോ മാർട്ടിനസ് ഇപ്പോൾ മറുപടി നൽകിയിട്ടുണ്ട്.അതായത് ന്യായമില്ലാത്ത ഒരു പ്രസ്താവനയാണ് എംബപ്പേ നടത്തിയത് എന്നാണ് ലൗറ്ററോ പറഞ്ഞത്. കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമമായ TYC സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു താരം.ലൗറ്ററോയുടെ വാക്കുകൾ ഇങ്ങനെയാണ്.

“എംബപ്പേ എന്താണ് പറഞ്ഞത് എന്നുള്ളത് ഞാൻ കണ്ടിരുന്നു. പക്ഷേ അർജന്റീനക്കും ബ്രസീലിനൊപ്പം ഒരുപാട് ക്വാളിറ്റിയുള്ള പ്രതിഭാശാലികളായ താരങ്ങളുണ്ട്. ഞങ്ങളെ പോലെ തന്നെയാണ് ബ്രസീലും. ഭൂരിഭാഗം താരങ്ങളും യൂറോപ്പിലാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ എംബപ്പേയുടെ പ്രസ്താവന ന്യായമില്ലാത്ത ഒരു കാര്യമാണ്. അർജന്റീനയുടെ ദേശീയ ടീമിലേക്ക് വിളിക്കപ്പെട്ടിട്ടുള്ള ഭൂരിഭാഗം താരങ്ങളും യൂറോപ്പിൽ കളിക്കുന്നവരാണ്. ഓരോ പരിശീലനത്തിലും ഞങ്ങൾ അവർക്കെതിരെ കളിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഞങ്ങൾക്ക് ബുദ്ധിമുട്ടൊന്നുമില്ല. ഞങ്ങൾ വർക്ക് ചെയ്യുന്ന രീതിയിലും ഞങ്ങളുടെ പ്രകടനത്തിലും ഞങ്ങൾ ഹാപ്പിയാണ് ” ഇതാണ് ലൗറ്ററോ പറഞ്ഞിട്ടുള്ളത്.

ഏതായാലും എംബപ്പെയുടെ ഈ പ്രസ്താവന ഫുട്ബോൾ ലോകത്ത് വലിയ രൂപത്തിലുള്ള ചർച്ചകൾക്ക് വിധേയമായിട്ടുണ്ട്.എമിലിയാനോ മാർട്ടിനെസ്,ഫാബിഞ്ഞോ എന്നിവരൊക്കെ എംബപ്പെക്ക് മറുപടിയുമായി രംഗത്ത് വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *