നെയ്‌മർ അസാധാരണ താരം,അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ആസ്വദിക്കാൻ ശ്രമിക്കും, സെബോളിഞ്ഞ പറയുന്നു !

ഈ വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ഇടം നേടാൻ എവെർട്ടണ് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്കയിലെ മിന്നും പ്രകടനത്തിലൂടെ ആരാധകശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് സെബോളിഞ്ഞ എന്നറിയപ്പെടുന്ന എവെർട്ടൺ. രണ്ട് മാസങ്ങൾക്ക് മുമ്പാണ് താരം ബ്രസീലിയൻ ക്ലബായ ഗ്രിമിയോയിൽ നിന്ന് പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയിലേക്ക് കൂടുമാറിയത്. തുടർന്ന് വിഖ്യാത പരിശീലകൻ ജോർഗെ ജീസസിന് കീഴിൽ കളിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രകടനം തന്നെയാണ് താരം പോർച്ചുഗലിൽ കാഴ്ച്ചവെക്കുന്നത്. ഇക്കാര്യം താരം അഭിപ്രായപ്പെടുകയും ബെൻഫിക്കയിൽ എത്തിയ ശേഷം തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും ജോർഗെ ജീസസ് തന്റെ പ്രകടനത്തിൽ കാതലായ മാറ്റങ്ങൾ വരുത്തിയെന്നും വരുന്ന ബ്രസീലിന് വേണ്ടിയുള്ള മത്സരങ്ങളിൽ തിളങ്ങാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എവെർട്ടൻ പറഞ്ഞു. ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടാതെ സൂപ്പർ താരം നെയ്മറോടൊപ്പം കളിക്കുന്നതിനെ കുറിച്ചു അദ്ദേഹം വാചാലനായി. നെയ്മർ അസാധാരണതാരമാണെന്നും അദ്ദേഹത്തോടൊപ്പം കളിക്കുന്നത് ആസ്വദിക്കാൻ ശ്രമിക്കുമെന്നും സെബോളിഞ്ഞ അറിയിച്ചു.

” നെയ്മറിനൊപ്പം കളിക്കുക എന്നുള്ളത് എപ്പോഴും പ്രത്യേകതയുള്ള ഒന്നാണ്. അസാധാരണമായ ഒരു താരമാണ് അദ്ദേഹം. പരിശീലകൻ ടിറ്റെക്ക് എന്നെ ഏത് പൊസിഷനിൽ ഇടാനാണോ ഉദ്ദേശിക്കുന്നത് ഞാൻ അവിടെ ലഭ്യമായിരിക്കും. നെയ്മർക്കൊപ്പം മാത്രമല്ല, എന്റെ എല്ലാ സഹതാരങ്ങളോടൊപ്പവും കളിക്കാൻ ഞാൻ തയ്യാറാണ്. ഏറ്റവും മികച്ച താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരമാണ് എനിക്കിപ്പോൾ ലഭിച്ചിരിക്കുന്നത്. ഇതൊക്കെ തന്നെയും എന്റെ കരിയറിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. എനിക്ക് നെയ്മറിനൊപ്പം കളിക്കാൻ അവസരം ലഭിച്ചാൽ, തീർച്ചയായും സാധ്യമായ രീതിയിൽ അത് ആസ്വദിക്കാൻ ഞാൻ ശ്രമിക്കും. കാരണം ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ ഒരാളോടൊപ്പമാണ് ഞാൻ കളിക്കുന്നത് ” എവെർട്ടൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *