നെയ്‌മറുടെ അഭാവം ബ്രസീലിനെ ബാധിക്കുമോ? ജീസസിന് പറയാനുള്ളത് ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ വെനിസ്വേലയെ നേരിടാനുള്ള ഒരുക്കത്തിലാണ് ടിറ്റെയുടെ സംഘം. ആദ്യ രണ്ട് മത്സരത്തിൽ വിജയം നേടിയ ബ്രസീൽ ആ കുതിപ്പ് തുടരാനുറച്ച് തന്നെയാണ് കളത്തിലേക്കിറങ്ങുക. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയർക്ക്‌ ആദ്യ മത്സരം നഷ്ടമാവുമെന്ന് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. പരിക്കാണ് താരത്തിന് വിനയായത്. ഏതായാലും താരത്തിന്റെ അഭാവത്തിൽ മറ്റുള്ള താരങ്ങൾക്ക്‌ ഉത്തവാദിത്യം വർധിക്കുമെന്നുറപ്പാണ്. ഇക്കാര്യങ്ങളോട് തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് സഹതാരമായ ഗബ്രിയേൽ ജീസസ്. നെയ്മറുടെ സാന്നിധ്യം ടീമിന് വളരെയധികം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ടീമിൽ ഉണ്ടെങ്കിൽ ബ്രസീൽ ടീം വിജയത്തിന് തൊട്ടരികിൽ തന്നെയെത്തിയെന്നുമാണ് ജീസസ് പറഞ്ഞത്. എന്നാൽ താരത്തിന്റെ അഭാവത്തിലും ടീമിന് കളിക്കാൻ കഴിയുമെന്ന് മുമ്പ് കാണിച്ചതാണെന്നും ജീസസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം നടന്ന രണ്ട് മത്സരങ്ങളും പരിക്ക് മൂലം ഗബ്രിയേൽ ജീസസിന് നഷ്ടമായിരുന്നു.

” തീർച്ചയായും ഞങ്ങൾ ടീമിനകത്ത് വെച്ച് അദ്ദേഹത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സംസാരിക്കാറുണ്ട്. അദ്ദേഹം ഞങ്ങൾക്ക്‌ എത്രത്തോളം പ്രധാനപ്പെട്ടവനാണെന്ന് എല്ലാവർക്കുമറിയാം. ഞങ്ങളുടെ ഫുട്ബോളിന് ഓരോ ദിവസവും അദ്ദേഹം സംഭാവന ചെയ്യുന്നതിനെ കുറിച്ച് ഞങ്ങൾക്ക്‌ വ്യക്തമായ ധാരണയുണ്ട്. ഞാൻ അദ്ദേഹത്തിന്റെ വലിയൊരു ആരാധകനാണ്. നാഷണൽ ടീമിലെത്തുമ്പോൾ എല്ലാവർക്കും അവരുടേതായ ഉത്തരവാദിത്തങ്ങളുണ്ട്. അദ്ദേഹത്തിന് മാത്രമല്ല. ഇവിടെ എത്തിയ ഓരോരുത്തർക്കും അതിന്റേതായ കാരണങ്ങളുണ്ട്. നെയ്മർ ഉണ്ടെങ്കിൽ ബ്രസീൽ ടീം വിജയത്തിന് തൊട്ടരികിലാണ്. ഇനി നെയ്മർ ഇല്ലാതെയും ബ്രസീലിന് കളിക്കാനും വിജയിക്കാനും കഴിയുമെന്ന് മുമ്പ് തെളിയിച്ചതാണ്. പക്ഷെ അദ്ദേഹം എപ്പോഴും കൂടെയുണ്ടായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹം ഗോളുകൾ നേടുന്നു, അസിസ്റ്റുകൾ നൽകുന്നു. പക്ഷെ അദ്ദേഹം കൂടെയില്ലെങ്കിൽ ഞങ്ങൾ അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നു. ഇവിടെയുള്ള ഓരോരുത്തരും ഇവിടെ എത്തിപ്പെട്ടത് അതിന് അർഹത ഉള്ളത് കൊണ്ടാണ് ” ജീസസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *