നെയ്മർ പിറകിലേക്കോ? ബ്രസീലിന്റെ പ്രധാനപ്പെട്ട താരമാവാൻ വിനീഷ്യസ് ജൂനിയർ!
ബ്രസീലിയൻ സൂപ്പർ താരമായ വിനീഷ്യസ് ജൂനിയർ ഈ സീസണിൽ തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. തന്റെ ക്ലബ്ബായ റയൽ മാഡ്രിഡിന് വേണ്ടി ഈ സീസണിൽ 20 ഗോളുകളും 20 അസിസ്റ്റുകളും പൂർത്തിയാക്കാൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. ഇത്തവണത്തെ ബാലൺഡി’ഓർ പോരാട്ടത്തിലും വിനീഷ്യസിന്റെ സാന്നിധ്യമുണ്ട്. സമീപകാലത്ത് സ്ഥിരതയാർന്ന പ്രകടനം നടത്താൻ അദ്ദേഹത്തിന് കഴിയുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ മാധ്യമമായ ESPN പുറത്തു വിട്ടിട്ടുണ്ട്. അതായത് ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർ ഇത് ബുദ്ധിമുട്ടുകളുടെ കാലമാണ്. അതേസമയം വിനീഷ്യസിന് സുവർണ്ണ കാലവും. അതുകൊണ്ടുതന്നെ നെയ്മറെ മാറ്റിക്കൊണ്ട് ബ്രസീലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി കൊണ്ട് വിനീഷ്യസ് ജൂനിയർ മാറുന്നു എന്നതാണ് ESPN റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ 10 വർഷത്തോളമായി ബ്രസീലിയൻ ടീമിനെ നയിക്കുന്നത് നെയ്മർ ജൂനിയറാണ്. അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരുന്നു ഇതുവരെ ടീം നിർമ്മിച്ചിരുന്നത്. പക്ഷേ പരിക്ക് നെയ്മർക്ക് ഒരു വലിയ വില്ലനാണ്.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ നെയ്മർക്ക് പരിക്കേൽക്കുന്നത് നാം കണ്ടു. ഈ സീസണിൽ പരിക്കു മൂലം വളരെ കുറഞ്ഞ മത്സരങ്ങൾ മാത്രമാണ് നെയ്മർക്ക് കളിക്കാൻ സാധിച്ചിട്ടുള്ളത്. ചുരുക്കത്തിൽ നെയ്മറുടെ സാന്നിധ്യം നമുക്ക് എപ്പോഴും പ്രതീക്ഷിക്കാൻ കഴിയില്ല.
Neymar on IG after Vinicius scored against Man City. 🤍🇧🇷 pic.twitter.com/nVPVsASuK1
— Mikael Madridista (@MikaelMadridsta) May 10, 2023
അതുകൊണ്ടുതന്നെ വിനീഷ്യസ് ജൂനിയറിനെ കേന്ദ്രീകരിച്ചുകൊണ്ട് ബ്രസീൽ കളിക്കണം എന്ന അഭിപ്രായമാണ് ഇവിടെ ഉയരുന്നത്. റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ബ്രസീലിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയാൽ തീർച്ചയായും വിനീഷ്യസ് ജൂനിയർക്ക് വലിയൊരു റോൾ തന്നെ വഹിക്കാൻ ഉണ്ടാവും. ബ്രസീലിയൻ ടീമിൽ നെയ്മർക്ക് ഇനിയൊന്നും ചെയ്യാനില്ല എന്നല്ല പറഞ്ഞു വരുന്നത്.മറിച്ച് നെയ്മർ സംബന്ധിച്ചിടത്തോളം ഇനിയും ഒരുപാട് സമയം അദ്ദേഹത്തിന്റെ മുന്നിലുണ്ട്.
പക്ഷേ പരിക്കുകളിൽ നിന്നൊക്കെ മുക്തനായി ആരാധകർക്ക് ഏറെ പ്രതീക്ഷകൾ നൽകുന്ന പ്രകടനം നെയ്മറിൽ നിന്നും ഉണ്ടാവേണ്ടതുണ്ട്. അതേസമയം വിനീഷ്യസ് ജൂനിയർ ക്ലബ്ബിലെ തന്റെ ആ മികവ് ബ്രസീലിലും പുറത്തെടുക്കേണ്ടതുണ്ട്. ഇങ്ങനെ സംഭവിച്ചു കഴിഞ്ഞാൽ ബ്രസീലിയൻ ആരാധകർക്ക് പലതും സ്വപ്നം കാണാവുന്നതാണ്.