നെയ്മർ ഒരുപാട് പക്വത കൈവരിച്ചിട്ടുണ്ട്, അതന്നെ കൂടുതൽ സന്തോഷവാനാക്കുന്നുവെന്ന് ടിറ്റെ !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ രണ്ടാമത്തെ പോരാട്ടത്തിനുള്ള ഒരുക്കങ്ങളിലാണ് ടിറ്റെയും സംഘവും. താരതമ്യേന ശക്തരായ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. എന്നിരുന്നാലും ബ്രസീൽ ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ്. ആദ്യ മത്സരത്തിൽ എതിരാളികളായ ബൊളീവിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്‌ തച്ചുതകർത്തു കൊണ്ടാണ് ബ്രസീലിന്റെ വരവ്. പെറുവിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി ഒട്ടേറെ കാര്യങ്ങളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പരിശീലകൻ ടിറ്റെ. ടീമിന്റെ പരിശീലനത്തെ കുറിച്ചും പ്രകടനത്തെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സൂപ്പർ താരങ്ങളായ നെയ്മർ, സിൽവ എന്നിവരെ കുറിച്ചുമെല്ലാം അദ്ദേഹം വിശദമായി സംസാരിച്ചിട്ടുണ്ട്. പെറുവിനെതിരെ ബ്രസീലിനെ സിൽവ നയിക്കുമെന്ന് ടിറ്റെ ഈ പത്രസമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്. കൂടാതെ സൂപ്പർ താരം നെയ്മർ ജൂനിയറെ കുറിച്ചും അദ്ദേഹം വാചാലനായി. നെയ്മർ ഒരു കുട്ടിയല്ലെന്നും അദ്ദേഹം ഒരു പുരുഷനാണെന്നും അദ്ദേഹം ഒരു പക്വത കൈവരിച്ചിട്ടുണ്ടെന്നും ടിറ്റെ കൂട്ടിച്ചേർത്തു.

” ശാരീരികമായി ഇപ്പൊ നെയ്മർ സാധാരണസ്ഥിതിയിലാണ്. പ്രശ്നങ്ങളൊന്നുമില്ലാതെ നല്ല രീതിയിൽ തന്നെ അദ്ദേഹം പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സാങ്കേതികപരമായ വശം നോക്കുമ്പോൾ അദ്ദേഹത്തിന് കളത്തിനകത്ത് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചിട്ടുണ്ട്. വളരെയധികം ക്രിയേറ്റീവായ ഒരു താരമാണ് അദ്ദേഹം. കൃത്യതയുടെയും വ്യക്തമായ പദ്ധതികളോടെയും കളിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. നെയ്മർ ഒരു പുരുഷനാണ്. ഒരു കുട്ടിയല്ല. അദ്ദേഹം ഒരുപാട് പക്വത കൈവരിച്ചത് എന്നെ കൂടുതൽ സന്തോഷവാനാക്കുന്നുണ്ട്. ടെക്ക്നിക്കൽപരമായും ടാക്ടിക്കൽപരമായും നെയ്മർ ഒരുപാട് വികാസം പ്രാപിച്ചിട്ടുണ്ട്. അദ്ദേഹം പഴയ പോലെയല്ല ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ അദ്ദേഹം സ്വന്തമാക്കി. പന്ത് കൈവശം വെച്ച് കൃത്യമായി എത്തിച്ചു കൊടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് ” ടിറ്റെ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *