നെയ്മർ ഇല്ലാത്തത് ഒരു നഷ്ടം തന്നെ:തുറന്ന് പറഞ്ഞ് റിവാൾഡോ!
കോപ്പ അമേരിക്കക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ബ്രസീലിന്റെ ദേശീയ ടീം ആരംഭിച്ചിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയിലാണ് ബ്രസീലിന്റെ ക്യാമ്പ് ഇപ്പോൾ ഉള്ളത്. ബ്രസീലിയൻ ഇതിഹാസമായ റിവാൾഡോ കഴിഞ്ഞ ദിവസം ബ്രസീൽ ക്യാമ്പ് സന്ദർശിച്ചിരുന്നു.താരങ്ങളുമായി അദ്ദേഹം സംസാരിച്ചിരുന്നു.മാത്രമല്ല ഇതിനുശേഷം അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു.
പരിക്ക് കാരണം നെയ്മർ ജൂനിയർ ഈ കോപ്പ അമേരിക്കയിൽ കളിക്കുന്നില്ല. നെയ്മർ ഇല്ലാത്തത് ഒരു നഷ്ടം തന്നെയാണ് എന്നുള്ള കാര്യം റിവാൾഡോ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. എന്നാൽ വിനീഷ്യസിൽ അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.റിവാൾഡോയുടെ വാക്കുകളെ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” വളരെ നല്ല ഒരു ജനറേഷൻ തന്നെയാണ് ഇപ്പോൾ ബ്രസീലിനുള്ളത്.വിനീഷ്യസും റോഡ്രിഗോയുമൊക്കെ ഇപ്പോൾ മികച്ച പ്രകടനം നടത്തുന്നുണ്ട്.ഒരുപാട് കാലമായി ബ്രസീൽ ടീമിന്റെ ഉത്തരവാദിത്വം ചുമന്നിരുന്നത് നെയ്മർ ജൂനിയറായിരുന്നു.ഇപ്പോൾ അദ്ദേഹത്തിന് പരിക്കാണ്.അദ്ദേഹം ഇല്ലാത്തത് ഒരു നഷ്ടം തന്നെയാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.തീർച്ചയായും അദ്ദേഹം പരിക്കിൽ നിന്നും മുക്തനായാൽ ബ്രസീൽ ടീമിനോടൊപ്പം ഉണ്ടാകും. അത്രയും മികച്ച ഒരു താരമാണ് നെയ്മർ.
മികച്ച താരങ്ങൾ ഉണ്ടാവുക എന്നത് എപ്പോഴും നല്ല കാര്യമാണ്.ഉത്തരവാദിത്തങ്ങൾ പങ്കിടുന്ന താരങ്ങളാണ് നമുക്കുള്ളത്. നിലവിൽ വിനി നടത്തുന്ന പ്രകടനം നാം എല്ലാവരും കാണുന്നുണ്ട്. ഇത്തവണത്തെ ബാലൺഡി’ഓർ ലഭിക്കാൻ ആവശ്യമായ പ്രകടനം അദ്ദേഹം റയൽ മാഡ്രിഡിന് വേണ്ടി നടത്തിയിട്ടുണ്ട്. തീർച്ചയായും കോപ്പ അമേരിക്കയിലെ ഫേവറേറ്റുകൾ ബ്രസീൽ തന്നെയാണ്.ഡൊറിവാൽ ജൂനിയർ തിരഞ്ഞെടുത്ത ഈ താരങ്ങളിൽ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട് ” ഇതാണ് റിവാൾഡോ പറഞ്ഞിട്ടുള്ളത്.
കോപ്പ അമേരിക്കക്ക് മുന്നേ 2 സൗഹൃദ മത്സരങ്ങൾ ബ്രസീൽ കളിക്കുന്നുണ്ട്.എതിരാളികൾ മെക്സിക്കോയും അമേരിക്കയുമാണ്. ജൂൺ ഒമ്പതാം തീയതിയും പതിമൂന്നാം തീയതിയുമാണ് ഈ മത്സരം നടക്കുക. അതിനുശേഷം നടക്കുന്ന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികൾ.