നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കോപ്പ കിരീടം ചൂടിയതെന്ന് റിച്ചാർലീസൺ !

ഈ മാസത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ബ്രസീൽ വെനിസ്വേലയെയും ഉറുഗ്വയേയുമാണ് നേരിടുന്നത്. ആദ്യ മത്സരത്തിൽ വെനിസ്വേലയേ നേരിടാനൊരുങ്ങുന്ന ബ്രസീലിനേറ്റ ഏറ്റവും വലിയ തിരിച്ചടി സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവമാണ്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്ക്‌ വേണ്ടി കളിക്കുന്നതിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. വെനിസ്വേലക്കെതിരെയുള്ള മത്സരം താരത്തിന് നഷ്ടമാവുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഉറുഗ്വക്കെതിരെ താരം കളിക്കാനുള്ള സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഏതായാലും നെയ്മർ ജൂനിയറുടെ അഭാവത്തെ കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുകയാണ് സഹതാരമായ റിച്ചാർലീസൺ. നെയ്മർ ഇല്ലാതെയാണ് തങ്ങൾ കോപ്പ അമേരിക്ക കിരീടം ചൂടിയത് എന്നാണ് റിച്ചാർലീസണിന്റെ അഭിപ്രായം. എന്നാൽ താരത്തിന്റെ വിടവ് ബ്രസീലിന് അനുഭവപ്പെടുമെന്നും ബ്രസീലിന് അതിന്റേതായ അടിത്തറയുണ്ടെന്നും റിച്ചാർലീസൺ ഓർമ്മപ്പെടുത്തി.

” ഞങ്ങൾ നെയ്മർ ഇല്ലാതെ കോപ്പ അമേരിക്കയിൽ കളിച്ചു കഴിഞ്ഞു. ഞങ്ങൾ അതിൽ കിരീടം ചൂടുകയും ചെയ്തിരുന്നു. തീർച്ചയായും അദ്ദേഹത്തിന്റെ അഭാവം ഞങ്ങൾക്ക്‌ അനുഭവിക്കാനാവും. കാരണം അദ്ദേഹം അസാമാന്യമായ ക്വാളിറ്റിയുള്ള താരമാണ്, ടീമിന്റെ അവിഭാജ്യഘടകവുമാണ്. പക്ഷെ ഞങ്ങൾക്ക്‌ ഞങ്ങളുടേതായ അടിത്തറയുണ്ട്. അദ്ദേഹത്തോടൊപ്പവും അദ്ദേഹമില്ലാതെയും എന്ത് ചെയ്യണമെന്നതിനെ കുറിച്ച് ഞങ്ങൾക്ക്‌ വ്യക്തമായ ധാരണയുണ്ട് ” റിച്ചാർലീസൺ പറഞ്ഞു. ബ്രസീലിന്റെ പെറുവിനെതിരെയുള്ള മത്സരത്തിൽ നെയ്മർ ഹാട്രിക് നേടിയിരുന്നു. ബ്രസീലിന് വേണ്ടി 103 മത്സരങ്ങൾ കളിച്ച താരം 64 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *