നെയ്മർ ആകെ തകർന്നുപോയി :പക്കേറ്റ പറയുന്നു

ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് ഇത് ബുദ്ധിമുട്ടേറിയ സമയമാണ്.ഖത്തർ വേൾഡ് കപ്പിൽ നിന്നും ബ്രസീൽ സെമി ഫൈനൽ പോലും കാണാതെ പുറത്തായിരുന്നു. മാത്രമല്ല പിന്നീട് നെയ്മർ ജൂനിയർക്ക് അതി ഗുരുതരമായി പരിക്കേറ്റു. വരുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ പോലും കളിക്കാൻ നെയ്മർക്ക് കഴിയില്ല. എല്ലാംകൊണ്ടും നെയ്മർ സംബന്ധിച്ചിടത്തോളം ഇതൊരു പ്രതിസന്ധി ഘട്ടമാണ്.

ഇപ്പോൾ നടക്കുന്ന ഇന്റർനാഷണൽ ബ്രേക്കിൽ നെയ്മർ ഇല്ലാതെയാണ് ബ്രസീൽ കളിക്കുന്നത്. നെയ്മറെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സഹതാരമായ ലുകാസ് പക്കേറ്റ ഇന്നലത്തെ പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“വേൾഡ് കപ്പിലെ പരാജയം ഏറ്റവും കൂടുതൽ ഉലച്ച് കളഞ്ഞത് നെയ്മർ ജൂനിയറെയാണ്.ഒരിക്കലും പരാജയപ്പെടാൻ ആഗ്രഹിക്കാത്ത ഒരു താരമാണ് നെയ്മർ ജൂനിയർ.തോൽവികൾ നെയ്മർക്ക് പ്രശ്നമില്ല എന്നാണ് ആളുകൾ കരുതുന്നത്. എന്നാൽ നെയ്മർ തോൽവികളെ അങ്ങേയറ്റം വെറുക്കുന്നു. അദ്ദേഹം ആകെ തകർക്കപ്പെട്ടിരുന്നു.അന്ന് ഡ്രസ്സിംഗ് റൂമിൽ നെയ്മർ ഉൾപ്പെടെയുള്ള എല്ലാവരും അതുല്യമായ വേദനയാണ് അനുഭവിച്ചത് “

” അർജന്റീന മെസ്സിക്ക് ചെയ്തതുപോലെ അടുത്ത വേൾഡ് കപ്പിൽ നെയ്മർക്ക് വേണ്ടി ബ്രസീൽ താരങ്ങൾ കളിക്കണമെന്ന് സുവാരസ്‌ നേരത്തെ പറഞ്ഞിരുന്നു.ഞങ്ങൾ എല്ലാവർക്കും വേണ്ടിയാണ് കളിക്കുക. പക്ഷേ ഞങ്ങളുടെ നാഷണൽ ടീമിലെ സ്റ്റാർ അത് നെയ്മർ ജൂനിയർ തന്നെയാണ്.അത് നിഷേധിക്കാനാവാത്ത ഒരു കാര്യമാണ്. നെയ്മറെ മികച്ചതാക്കി നിലനിർത്തിയാൽ അത് ഞങ്ങളെ സഹായിക്കുകയാണ് ചെയ്യുക.സുവാരസ്‌ പറഞ്ഞതിനോട് എനിക്ക് യോജിക്കേണ്ടിവരും. കാരണം നെയ്മർക്ക് വേണ്ടി കളിച്ചാൽ അത് ദേശീയ ടീമിന് തന്നെയാണ് ഗുണകരമാവുക. വേൾഡ് കപ്പിൽ സംഭവിച്ചതിൽ ദുഃഖമുണ്ട്. പക്ഷേ ഞങ്ങൾ ഇനിയും ശ്രമിച്ചുകൊണ്ടിരിക്കും “ഇതാണ് പക്കേറ്റ പറഞ്ഞിട്ടുള്ളത്.

അടുത്ത വേൾഡ് കപ്പ് തന്നെയാണ് നെയ്മറുടെ മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. എന്നാൽ നെയ്മറുടെ അഭാവത്തിലാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ ഇറങ്ങുക.ബ്രസീലിന് സംബന്ധിച്ചിടത്തോളം ഒരു തിരിച്ചുവരവ് അത്യാവശ്യമായ സമയമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *