നെയ്മറുടെ പ്രഷർ അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിൽ മെസ്സിയൊക്കെ എന്നേ ഇട്ടറിഞ്ഞു പോയേനെ: സിൽവ
ബ്രസീലിയൻ സൂപ്പർ താരമായ നെയ്മർ ജൂനിയറെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ച് വർഷക്കാലം വളരെ ബുദ്ധിമുട്ടേറിയതാണ്. ഒരുപാട് പ്രതീക്ഷകളോട് കൂടി ഫുട്ബോൾ ലോകത്തേക്ക് വന്ന താരമാണ് നെയ്മർ.മെസ്സി,ക്രിസ്റ്റ്യാനോ എന്നിവർക്ക് ശേഷം ഫുട്ബോൾ ലോകത്തെ മൂന്നാമനായി കൊണ്ട് ഭൂരിഭാഗം പേരും പരിഗണിച്ച് താരമാണ് നെയ്മർ.പക്ഷേ അദ്ദേഹത്തിന്റെ ടാലെന്റിനോട് അദ്ദേഹത്തിന് നീതിപുലർത്താൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. തുടർച്ചയായ പരിക്കുകൾ ഇതിന് തടസ്സമാവുകയും ചെയ്തു.
നെയ്മർ ജൂനിയർക്ക് ബ്രസീലിൽ നിന്നും അനുഭവിക്കേണ്ടിവരുന്ന സമ്മർദ്ദം വളരെയധികം ഉയർന്നതാണ്. അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈലിനും ആറ്റിറ്റ്യൂഡിനുമൊക്കെ വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. നെയ്മർക്ക് അനുഭവിക്കേണ്ടിവരുന്ന പ്രഷറിനെ കുറിച്ച് അദ്ദേഹത്തിന്റെ സഹതാരമായിരുന്ന തിയാഗോ സിൽവ ഇപ്പോൾ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. നെയ്മറോളം പ്രഷർ അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിൽ മെസ്സിയൊക്കെ എല്ലാം ഉപേക്ഷിച്ചേനെ എന്നാണ് ഉദാഹരണമായി കൊണ്ട് സിൽവ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“മെന്റലി വളരെയധികം കരുത്തനായ ഒരു വ്യക്തിയാണ് നെയ്മർ ജൂനിയർ.ലയണൽ മെസ്സിയുടെ ഇന്റർവ്യൂ ഞാൻ കണ്ടിരുന്നു.നെയ്മർക്ക് അനുഭവിക്കേണ്ടിവന്ന പ്രഷറുകളും ഡിമാൻഡുകളും മെസ്സിക്ക് അനുഭവിക്കേണ്ടി വന്നിരുന്നുവെങ്കിൽ ഒരുപക്ഷേ മെസ്സി ഇതെല്ലാം ഉപേക്ഷിച്ചു പോയേനെ.നെയ്മർ വളരെയധികം കരുത്തനാണ്.പക്ഷേ അദ്ദേഹത്തിനുള്ള ഡിമാൻഡ് വളരെയധികം കൂടുതലാണ്. ചിലപ്പോൾ അത് തീർത്തും തളർത്തി കളയുന്ന ഒന്നാണ് ” ഇതാണ് തിയാഗോ സിൽവ പറഞ്ഞിട്ടുള്ളത്.
ബ്രസീൽ ദേശീയ ടീമിലും പിഎസ്ജിയിലും ഒരുമിച്ച് കളിച്ചവരാണ് തിയാഗോ സിൽവ. അതേസമയം ലയണൽ മെസ്സിക്ക് ഒരുകാലത്ത് അർജന്റീന ദേശീയ ടീമിൽ വലിയ പ്രഷറുകൾ നേരിടേണ്ടി വന്നിരുന്നു. അർജന്റീനയിലെ ആരാധകർ പോലും മെസ്സിയെ വേട്ടയാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു മെസ്സിക്ക് വിരമിക്കേണ്ടി വന്നതു പോലും.പക്ഷേ ഇപ്പോൾ മെസ്സിക്ക് അർജന്റീനയിൽ സുവർണ്ണ കാലഘട്ടമാണ്.