നിങ്ങൾ തെറ്റിദ്ധരിച്ചിരിക്കുകയാണ്, ഞങ്ങൾ റേസിസ്റ്റുകളല്ല:അർജന്റൈൻ താരം ലുകാസ് ബെൾട്രൻ
ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനയെ പരാജയപ്പെടുത്താൻ ഫ്രാൻസിനെ കഴിഞ്ഞിരുന്നു.മത്സരവുമായി ബന്ധപ്പെട്ടു കൊണ്ട് നിരവധി വിവാദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. മത്സരത്തിന്റെ അവസാനം രണ്ട് ടീമുകളിലെയും താരങ്ങൾ തമ്മിൽ കയ്യാങ്കളിയിൽ ഏർപ്പെട്ടിരുന്നു. മാത്രമല്ല മത്സരത്തിനിടെ ഫ്രഞ്ച് ഡിഫൻഡർ ലൂയിസ് ബാഡേ അർജന്റൈൻ താരമായ ലുകാസ് ബെൾട്രനെ അഭിമുഖീകരിച്ച് അഗ്രഷൻ കാണിച്ചതും വലിയ വിവാദമായിരുന്നു.
ഏതായാലും ഈ വിഷയങ്ങളിൽ പ്രതികരണം രേഖപ്പെടുത്തിയിരിക്കുകയാണ് ബെൾട്രൻ. എല്ലാവരും അർജന്റീനയെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് തങ്ങൾ റേസിസ്റ്റുകൾ അല്ല എന്നുമാണ് ബെൾട്രൻ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എനിക്ക് ഫ്രഞ്ചുകാരുമായി ഒരു പ്രശ്നവുമില്ല. ഒരിക്കലും ഉണ്ടായിട്ടുമില്ല.നിങ്ങൾ ഞങ്ങളെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.ഞങ്ങൾ റേസിസ്റ്റുകൾ അല്ല.അർജന്റീനയിൽ വന്നാൽ നിങ്ങൾക്ക് അത് കാണാം.ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. ഞങ്ങൾ എല്ലാവരോടും വളരെയധികം സൗഹൃദപരമായി പെരുമാറുന്നവരാണ്.
ഞങ്ങളുടെ മുഖത്ത് നോക്കിയാണ് അവർ ആഘോഷിച്ചത്,ഞങ്ങളെ അവർ പരിഹസിച്ചു,റേസിസ്റ്റുകൾ എന്ന് മുദ്രകുത്തി. ഞങ്ങൾ അങ്ങനെയുള്ളവരല്ല, എന്തിനാണ് ഞങ്ങളെ അങ്ങനെ വിളിക്കുന്നത് എന്നാണ് തിരിച്ച് അവരോട് ചോദിച്ചത്.തങ്ങളുടെ കുടുംബാംഗങ്ങൾക്ക് മുന്നിൽ പോയാണ് അവർ ആഘോഷിച്ചത്.അത് ഒരിക്കലും ശരിയായ കാര്യമല്ല.
എൻസോയുടെ കാര്യത്തിൽ സംഭവിച്ചത് അടർത്തി മാറ്റപ്പെട്ടതാണ്. ആ പാട്ടിലെ ഒരു ഭാഗം മാത്രം വച്ചുകൊണ്ടാണ് വിവാദമാക്കിയത്.വേൾഡ് കപ്പ് ഫൈനലിലെ മെമ്മറി മാത്രമാണ് അത്. നിങ്ങൾക്ക് അഡ്രിനാലിൻ റഷ് ഉണ്ടാകുമ്പോൾ ഇത്തരം കാര്യങ്ങളോട് നമ്മൾ പ്രതികരിക്കും.അതൊരിക്കലും ശരിയല്ല. പക്ഷേ കളിക്കളത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കും ” ഇതാണ് അർജന്റൈൻ താരം പറഞ്ഞിട്ടുള്ളത്.
അതായത് ഫ്രാൻസുകാരുടെ ഗോൾ ആഘോഷം തങ്ങൾക്ക് പിടിച്ചില്ല എന്നും അതുകൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത് എന്നുമാണ് ഇദ്ദേഹം നൽകുന്ന വിശദീകരണം. ഏതായാലും ഫ്രാൻസും അർജന്റീനയും തമ്മിലുള്ള ശത്രുത ഇപ്പോൾ ഫുട്ബോൾ ലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.