നല്ല നിലവാരമുള്ള മത്സരങ്ങൾ അർജന്റീനയും ബ്രസീലും കളിച്ചിട്ടില്ല,യൂറോപ്പ് തന്നെയാണ് ലാറ്റിനമേരിക്കയേക്കാൾ മുന്നിൽ : എംബപ്പെ

ഈ വരുന്ന ഖത്തർ വേൾഡ് കപ്പ് നേടാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളാണ് അർജന്റീനയും ബ്രസീലും ഫ്രാൻസുമൊക്കെ. നിലവിലെ ജേതാക്കൾ ഫ്രാൻസാണ്. 2018 ലെ വേൾഡ് കപ്പ് ഫ്രാൻസിന് നേടിക്കൊടുക്കുന്നതിൽ വലിയൊരു പങ്കു വഹിക്കാൻ സൂപ്പർതാരമായ കിലിയൻ എംബപ്പേക്ക് സാധിച്ചിട്ടുണ്ട്.

ഏതായാലും ലാറ്റിനമേരിക്കൻ ഫുട്ബോളിനെ കുറിച്ച് എംബപ്പെ ഇപ്പോൾ ചില കാര്യങ്ങൾ പങ്കു വച്ചിട്ടുണ്ട്. അതായത് അർജന്റീനയും ബ്രസീലും ഹൈ ലെവലിൽ ഉള്ള മത്സരങ്ങൾ കളിക്കാറില്ലെന്നും യൂറോപ്യൻ ഫുട്ബോളിനെക്കാൾ പിറകിലാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ എന്നുമാണ് എംബപ്പെ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എംബപ്പെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലിന് ഒരു മികച്ച ടീമുണ്ട്. അതുപോലെ തന്നെ ഒരുപാട് യൂറോപ്യൻ ടീമുകളും മികച്ചവരാണ്. പക്ഷേ ഞങ്ങൾ എപ്പോഴും നല്ല നിലവാരമുള്ള മത്സരങ്ങൾ കളിക്കുന്നു എന്നുള്ളത് ഞങ്ങൾക്ക് ഗുണകരമാണ്. അതിന് ഉദാഹരണമാണ് നാഷൻസ് ലീഗ്. വേൾഡ് കപ്പിന് ഞങ്ങൾ തയ്യാറാവുക തന്നെ ചെയ്യും. ലോകകപ്പിന് യോഗ്യത നേടാൻ വേണ്ടി അർജന്റീനക്കോ ബ്രസീലിനോ ഹൈ ലെവൽ മത്സരങ്ങൾ കളിക്കേണ്ടി വന്നിട്ടില്ല.യൂറോപ്പിലെ പോലെ സൗത്ത് അമേരിക്കയിൽ ഫുട്ബോൾ വികാസം പ്രാപിച്ചിട്ടില്ല.യൂറോപ്പ് തന്നെയാണ് മുന്നിൽ.കഴിഞ്ഞ കുറച്ച് വേൾഡ് കപ്പുകൾ എടുത്തു നോക്കിയാൽ യൂറോപ്യൻമാരാണ് വിജയിച്ചത് എന്നുള്ളത് നിങ്ങൾക്ക് കാണാൻ സാധിക്കും ” ഇതാണ് എംബപ്പെ പറഞ്ഞിട്ടുള്ളത്.

വരുന്ന വേൾഡ് കപ്പിലെ പ്രധാനപ്പെട്ട താരങ്ങളിൽ ഒരാൾ എംബപ്പെയാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല. ഫ്രാൻസിന് കിരീടം നിലനിർത്താൻ കഴിയുമോ എന്നുള്ളതാണ് ഉറ്റുനോക്കുന്ന കാര്യം.

Leave a Reply

Your email address will not be published. Required fields are marked *