നമുക്ക് വീണ്ടും കാണാം: ആരാധകർക്ക് ക്ലബ്ബ് വിട്ട അർജന്റൈൻ സൂപ്പർ താരത്തിന്റെ മെസ്സേജ്!
കഴിഞ്ഞ ദിവസമായിരുന്നു അർജന്റൈൻ സൂപ്പർ താരമായ ഇക്വി ഫെർണാണ്ടസ് അർജന്റൈൻ ക്ലബ്ബായ ബൊക്ക ജൂനിയേഴ്സിനോട് വിട പറഞ്ഞത്.ഇനിമുതൽ സൗദി അറേബ്യയിലാണ് ഈ മിഡ്ഫീൽഡർ കളിക്കുക. 20 മില്യൺ ഡോളർ എന്ന താരത്തിന്റെ റിലീസ് ക്ലോസ് നൽകി കൊണ്ടാണ് സൗദി ക്ലബ്ബായ അൽ ഖാദിസിയ സ്വന്തമാക്കിയിട്ടുള്ളത്. 22 കാരനായ താരം ബൊക്ക ജൂനിയേഴ്സിന്‍റെ സീനിയർ ടീമിന് വേണ്ടി ആകെ 109 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.
ഇത്തവണത്തെ ഒളിമ്പിക് ഫുട്ബോളിൽ അർജന്റീനയുടെ അണ്ടർ ടീമിന് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഇക്വി ഫെർണാണ്ടസിന് സാധിച്ചിരുന്നു. അതിന് മുന്നേ തന്നെ അൽ ഖാദിസിയ താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. ഏതായാലും ബൊക്ക ആരാധകർക്കുള്ള ഒരു വിടവാങ്ങൽ സന്ദേശം ഇക്വി തന്റെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.അർജന്റൈൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ എന്റെ വീടിനോട് വിട പറയുകയാണ്. ഇവിടെവെച്ച് ഒരു താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും എന്നെ വളരാൻ സഹായിച്ച എല്ലാവരോടുമുള്ള നന്ദിയും കൃതാർത്ഥതയുമാണ് ഞാൻ രേഖപ്പെടുത്തുന്നത്. എന്റെ നല്ല സമയത്തും മോശം സമയത്തും എന്നെ പിന്തുണച്ചവരാണ് ഇവിടുത്തെ ആരാധകർ. അവരുടെ സ്നേഹത്തിന് ഞാൻ നന്ദി പറയുന്നു.ഇതൊരു മനോഹരമായ യാത്രയായിരുന്നു. ഞാൻ വളർന്നതും പഠിച്ചതും എല്ലാം ഈ ക്ലബ്ബിൽ വെച്ചാണ്. ഇനിയും ഒരിക്കൽ കൂടി നമുക്ക് കണ്ടുമുട്ടാൻ കഴിയും എന്നാണ് ഞാൻ കരുതുന്നത് ” ഇതാണ് ഇക്വി ഫെർണാണ്ടസ് കുറിച്ചിരിക്കുന്നത്.
അതേസമയം മറ്റൊരു അർജന്റൈൻ സൂപ്പർ താരമായ ഹൂലിയൻ ആൽവരസും കൂടു മാറുകയാണ്. മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊണ്ട് അത്ലറ്റിക്കോ മാഡ്രിഡിലേക്കാണ് അദ്ദേഹം വരുന്നത്. അധികം വൈകാതെ തന്നെ ഈ കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഇക്വിയും ഹൂലിയനും ഒളിമ്പിക്സിൽ അർജന്റീനക്ക് വേണ്ടി ഒരുമിച്ച് കളിച്ച വരാണ്.