നമുക്ക് ഒരുമിച്ച് നീങ്ങാം: കോപ്പ അമേരിക്കക്ക് മുന്നേ മെസ്സിയുടെ സന്ദേശം!
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ മുന്നിലുള്ള ഏക ലക്ഷ്യം കോപ്പ അമേരിക്ക കിരീടം നിലനിർത്തുക എന്നുള്ളതാണ്.ജൂൺ 21ആം തീയതി നടക്കുന്ന ആദ്യ മത്സരത്തിൽ കാനഡയാണ് അർജന്റീനയുടെ എതിരാളികൾ.ആ മത്സരത്തിൽ വിജയിച്ചു കൊണ്ട് തുടങ്ങുക എന്നതാണ് അർജന്റീനയുടെ പദ്ധതി. ഗ്രൂപ്പ് ഘട്ടം മറികടക്കാൻ അർജന്റീനക്ക് അത്ര ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇന്നലെ അർജന്റീന ടീം പുറത്ത് വിട്ടിട്ടുണ്ട്. ക്യാപ്റ്റൻ ലയണൽ മെസ്സി ആരാധകർക്ക് അതുവഴി ഒരു സന്ദേശവും നൽകുന്നുണ്ട്.എല്ലാ അർജന്റൈൻ ആരാധകരും തങ്ങളുടെ ഹൃദയത്തിലാണ് ഉള്ളത് എന്നാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്. നമുക്ക് ഒരിക്കൽ കൂടി ഒരുമിച്ച് മുന്നോട്ടുപോകാമെന്നും മെസ്സി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ മുണ്ടോ ആൽബിസെലസ്റ്റ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ആളുകൾ,നഗരങ്ങൾ,ടീമംഗങ്ങൾ,പരിശീലകർ, സ്റ്റാഫുകൾ,ഈ ജേഴ്സി ധരിച്ച എല്ലാവരും ഇവിടെയുണ്ട്.എല്ലാവർക്കും ഒരേ ഹൃദയമാണ്. സന്തോഷങ്ങളും സങ്കടങ്ങളും ഇതിന്റെ ഭാഗമാണ്.ആലിംഗനങ്ങളും കണ്ണീരുകളും ഇതിന്റെ ഭാഗമാണ്.നിങ്ങൾ എല്ലാവരും ഞങ്ങളുടെ ഹൃദയത്തിലാണ് ഉള്ളത്.എല്ലാവരോടും നന്ദി ആദ്യമേ പറയുന്നു. നമുക്ക് ഒരിക്കൽ കൂടി ഒരുമിച്ച് മുന്നോട്ടു പോവാം ” ഇതാണ് ലയണൽ മെസ്സിയുടെ സന്ദേശം.
അർജന്റീന ഇനി ഒരു സൗഹൃദ മത്സരം കൂടി കളിക്കുന്നുണ്ട്. എതിരാളികൾ ഗ്വാട്ടിമാലയാണ്. ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.മത്സരത്തിൽ ക്യാപ്റ്റൻ ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.