നന്മയുള്ള വാർത്ത, നൂറിൽപരം തൊഴിലാളികൾക്ക് സൗജന്യവേതനം നൽകി നെയ്മർ!

ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങളും ദുരിതങ്ങളും ഇപ്പോഴും ലോകം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഫുട്ബോൾ ലോകവും കോവിഡിന്റെ പിടിയിലകപ്പെട്ട് താളം തെറ്റിയിരുന്നു. കഴിഞ്ഞ ഒരു വർഷമായി പല സ്ഥാപനങ്ങളും കോവിഡ് മൂലം അടച്ചിട്ടിരുന്നു. അതിലൊന്നായിരുന്നു സൂപ്പർ താരം നെയ്‌മർ ജൂനിയറുടെ കീഴിലുള്ള ‘ നെയ്മർ ഇൻസ്റ്റിറ്റ്യൂഷൻ ‘. സാവോപോളോയിലെ നിരാലംബരായ കുട്ടികളെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമായിരുന്നു നെയ്മർ ഇൻസ്റ്റിറ്റ്യൂഷൻ. ഇതിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോയി കൊണ്ടിരിക്കെയാണ് കോവിഡ് വ്യാപിക്കുകയും ഇത് അടച്ചു പൂട്ടുകയും ചെയ്തത്.

ഇതോടെ കഴിഞ്ഞ ഒരു വർഷമായി നെയ്മർ ഇൻസ്റ്റിറ്റ്യൂഷനിലെ തൊഴിലാളികൾക്ക് ജോലിയുണ്ടായിരുന്നില്ല.142 തൊഴിലാളികളാണ് ഇതിലുണ്ടായിരുന്നത്. എന്നാൽ ഈ തൊഴിലാളികൾക്ക് ഒരു വർഷത്തെ വേതനം സൗജന്യമായി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് നെയ്മർ ജൂനിയർ. അദ്ദേഹത്തിന്റെ പിതാവായ നെയ്മർ സീനിയറാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്. തീർച്ചയായും ബുദ്ധിമുട്ടിലൂടെ കടന്നു പോവുന്ന തൊഴിലാളികൾക്ക് ഇത് സഹായകരമാവുമെന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രവർത്തിയിലൂടെ ഒരിക്കൽ കൂടി തന്നിലെ നന്മ തെളിയിച്ചിരിക്കുകയാണ് നെയ്മർ. കോവിഡ് പ്രതിസന്ധിയുടെ കാലത്ത് സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും ക്രിസ്റ്റ്യാനോയുമുൾപ്പടെയുള്ളവർ ഒട്ടേറെ സഹായസഹകരണങ്ങൾ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *