ദൈവത്തിന്റെ മാന്ത്രിക വടിയാൽ തലോടലേറ്റവൻ: യമാലിനെ പ്രശംസിച്ച് പരിശീലകൻ!

ഇന്നലെ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഡെന്മാർക്കിനെ പരാജയപ്പെടുത്തിയത്.സുബിമെന്റി നേടിയ ഗോളാണ് അവർക്ക് വിജയം സമ്മാനിച്ചത്.മത്സരത്തിൽ ആധിപത്യം പുലർത്തിയത് സ്പെയിൻ തന്നെയാണ്.25 ഷോട്ടുകളാണ് ആകെ അവർ ഉതിർത്തിട്ടുള്ളത്.

ഈ മത്സരത്തിൽ ലാമിൻ യമാൽ സ്പെയിനിന് വേണ്ടി കളിച്ചിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ പരിക്കിന്റെ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് അദ്ദേഹം പിൻവാങ്ങുകയും ചെയ്തു. ഏതായാലും താരത്തിന്റെ കളി മികവിനെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് സ്പെയിൻ പരിശീലകനായ ലൂയിസ് ഡി ലാ ഫുവന്റെ.ദൈവത്തിന്റെ മാന്ത്രിക വടിയാൽ തലോടലേറ്റവൻ എന്നാണ് സ്പെയിൻ കോച്ച് ഈ താരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്.എന്നാൽ ഒരു മുന്നറിയിപ്പ് അദ്ദേഹത്തിന് നൽകുകയും ചെയ്തിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം പക്വതയുള്ള താരമാണ് യമാൽ. ദൈവത്തിന്റെ മാന്ത്രിക വടിയാൽ തലോടൽ ഏറ്റവനാണ് യമാലെന്ന് പോലും നമുക്ക് തോന്നിപ്പോകും.17 വയസ്സുള്ള മറ്റേത് താരത്തിനും യമാൽ ചെയ്യുന്നതുപോലെ ചെയ്യാൻ സാധിക്കുന്നില്ല. വളരെയധികം പക്വതയുണ്ട് എന്നുള്ളത് മാത്രമല്ല തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് കൃത്യമായ ബോധ്യവും അവനുണ്ട്. നമ്മൾ പറയുന്ന മാറ്റങ്ങൾ എല്ലാം അംഗീകരിക്കാൻ അവൻ തയ്യാറാണ്.പക്ഷേ തെറ്റായ വഴിയിലൂടെ സഞ്ചരിച്ച് തകർന്നു പോയ ഒരുപാട് താരങ്ങളെ ഞാൻ കണ്ടിട്ടുണ്ട്.അത്തരം മിസ്റ്റേക്കുകൾ അവൻ വരുത്തരുത്. എപ്പോഴും ഒരു കൺട്രോൾ ആവശ്യമാണ്. കൂടാതെ പ്രധാനപ്പെട്ട മറ്റു പല കാര്യങ്ങളും ഉണ്ട് “ഇതാണ് സ്പെയിൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ ഗംഭീര പ്രകടനമാണ് യമാൽ നടത്തിക്കൊണ്ടിരിക്കുന്നത്.ബാഴ്സക്ക് വേണ്ടി 5 ഗോളുകളും 5 അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.അദ്ദേഹത്തിന്റെ പരിക്ക് ഒരല്പം ആശങ്കപ്പെടുത്തുന്നതാണ്.സ്പെയിനിന്റെ അടുത്ത മത്സരത്തിൽ താരം കളിക്കുമോ എന്നുള്ളത് വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *