ദിബാല സഹോദരനെ പോലെ, പക്ഷേ:സ്കലോണി പറയുന്നു.

അർജന്റൈൻ സൂപ്പർതാരമായ പൗലോ ദിബാല എപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരമാണ്.പക്ഷേ അർജന്റീന ദേശീയ ടീമിൽ വേണ്ടത്ര അവസരങ്ങൾ അദ്ദേഹത്തിന് ലഭിക്കാറില്ല. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലും അർഹമായ അവസരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കിട്ടിയപ്പോഴെല്ലാം അദ്ദേഹം നിർണായകമായ പ്രകടനങ്ങൾ തന്റെ ഭാഗത്തുനിന്ന് നടത്തിയിട്ടുണ്ട്. പലപ്പോഴും ദിബാലയെ ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ആരാധകർക്കിടയിൽ നിന്നു തന്നെ ഉയർന്നു കേൾക്കാറുണ്ട്.

ഏതായാലും ഈ ആവശ്യങ്ങളോട് പരിശീലകനായ സ്‌കലോണി തന്നെ പ്രതികരിച്ചിട്ടുണ്ട്. അതായത് ദിബാല തനിക്ക് സഹോദരനെ പോലെയാണ് എന്നാണ് സ്‌കലോണി പറഞ്ഞിട്ടുള്ളത്. പക്ഷേ ഇടയ്ക്കിടക്ക് അദ്ദേഹത്തിന് സംഭവിക്കുന്ന പരിക്കുകളാണ് തിരിച്ചടിയാകുന്നതെന്നും സ്‌കലോണി പറഞ്ഞിട്ടുണ്ട്. അർജന്റീന പരിശീലകന്റെ വാക്കുകളെ Tyc റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ഞാൻ ദിബാലയെ ഒരു സഹോദരനെ പോലെയാണ് ഇഷ്ടപ്പെടുന്നത്.കാരണം അവനൊരു മികച്ച വ്യക്തിയാണ്. ഏഴോ എട്ടോ മത്സരങ്ങൾ തുടർച്ചയായി ദിബാല കളിച്ചാൽ അദ്ദേഹത്തിന്റെ പ്രകടനം കൂടുതൽ മികവിലേക്ക് വരുന്നത് നമുക്ക് കാണാം. അതിന്റെ ഗുണം ടീമിന് ലഭിക്കുകയും ചെയ്യും. പക്ഷേ പ്രശ്നം എന്തെന്നാൽ സ്ഥിരതയില്ല എന്നുള്ളതാണ്. പരിക്ക് എപ്പോഴും അദ്ദേഹത്തിന് പ്രശ്നമാകുന്നു.എന്നാൽ എപ്പോഴും ഈ ഗ്രൂപ്പിന്റെ ഭാഗമാകാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. തന്റെ ഏറ്റവും മികച്ച നിലയിൽ അല്ലാത്ത സമയത്ത് പോലും അദ്ദേഹം നമുക്ക് ഉപയോഗപ്രദമാണ് ” ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വരുന്ന മാർച്ച് മാസത്തിൽ അർജന്റീന രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുന്നുണ്ട്.ദിബാല ആ മത്സരത്തിൽ ടീമിന്റെ ഭാഗമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *