ദിബാലയെ എന്ത് കൊണ്ട് തിരിച്ചു വിളിച്ചു? വിശദീകരിച്ച് സ്‌കലോണി!

കഴിഞ്ഞ കോപ്പ അമേരിക്കക്കുള്ള അർജന്റീന സ്‌ക്വാഡിൽ ഇടം നേടാൻ സൂപ്പർ താരം പൗലോ ദിബാലക്ക് സാധിച്ചിരുന്നില്ല.ഇത്തവണത്തെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള സ്‌ക്വാഡിലും അദ്ദേഹത്തിന് ഇടം നേടാൻ കഴിഞ്ഞിരുന്നില്ല. അതിന് പിന്നാലെ അദ്ദേഹം സൗദിയിലേക്ക് പോകുമെന്ന് റൂമറുകൾ ഉണ്ടായിരുന്നു.എന്നാൽ അവസാനം അദ്ദേഹം റോമയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതിന് പിന്നാലെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി താരത്തെ സ്‌ക്വാഡിലേക്ക് തിരികെ വിളിക്കുകയും ചെയ്തു.

എന്തുകൊണ്ടാണ് അദ്ദേഹത്തെ തിരികെ വിളിച്ചത് എന്നുള്ളതിനുള്ള വിശദീകരണം സ്‌കലോണി നൽകിയിട്ടുണ്ട്. ഫുട്ബോളിൽ റീസണുകൾ മാത്രമാണ് ഇതിന് പിന്നിലുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്.അർജന്റീന പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തെ തിരികെ വിളിച്ചതിന്റെ കാരണം ഫുട്ബോളിംഗ് റീസണുകൾ മാത്രമാണ്. അല്ലാതെ അദ്ദേഹത്തിന്റെ ലീഗിനോ മറ്റുള്ള കാര്യങ്ങൾക്കോ ഇതിൽ സ്ഥാനമില്ല. മികച്ച പ്രകടനം നടത്തുന്നവരെ പരിഗണിക്കുക എന്നുള്ളത് മാത്രമാണ് ഞാൻ ചെയ്യാറുള്ളത്.ഇപ്പോൾ ചില താരങ്ങൾക്ക് പരിക്കുണ്ട്. അതുകൊണ്ടുതന്നെ ദിബാലക്ക് ഏതെങ്കിലും ഒരു ഘട്ടത്തിൽ ടീമിനെ സഹായിക്കാൻ ആകുമെന്ന് ഞാൻ വിശ്വസിക്കുന്നു.അതുകൊണ്ടാണ് അർജന്റീന ടീമിലേക്ക് അദ്ദേഹത്തെ തിരികെ എടുത്തത്. അദ്ദേഹം സൗദി ഓഫർ നിരസിച്ചതിന് പിന്നിൽ എന്റെ യാതൊരുവിധ ഇടപെടലുകളും ഇല്ല.താരങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

സൗദിയെ നിരസിച്ചതിനെക്കുറിച്ചും അർജന്റീന ടീമിലേക്ക് മടങ്ങിയെത്താൻ സാധിച്ചതിനെക്കുറിച്ചും ദിബാല തന്നെ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സൗദിയുടെ ഓഫർ നിരസിച്ചതിന് പിന്നിൽ ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഞാൻ ഇപ്പോഴും ചെറുപ്പമാണ്.ഫുട്ബോളിന് ഒരുപാട് നൽകാൻ എനിക്ക് ഇപ്പോഴും കഴിയും. അർജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തൽ ആയിരുന്നു എന്റെ ലക്ഷ്യം.മാത്രമല്ല റോമയിലെ ആളുകൾ എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ സൗദിയിലേക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചതിന് പിന്നാലെ സ്‌കലോണി എന്നെ വിളിച്ചിരുന്നു.അർജന്റീന ടീമിലേക്ക് തിരിച്ചെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് ” ഇതാണ് ദിബാല പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഇത്തവണ അർജന്റീന ഇറങ്ങുന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ദിബാലക്ക് സ്ഥാനം ലഭിക്കാൻ സാധ്യത കുറവാണ്.പകരക്കാരന്റെ റോളിൽ ആയിരിക്കും താരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *