തോൽവിക്കിടയിലും മികച്ച പ്രകടനവുമായി ക്രിസ്റ്റ്യാനോ, പുതിയ റെക്കോർഡ് കുറിച്ചു!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പോർച്ചുഗൽ ജർമ്മനിക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. മത്സരത്തിൽ പോർച്ചുഗല്ലിനെ നിസ്സഹായരാക്കുന്ന പ്രകടനമാണ് ജർമ്മനി കാഴ്ച്ചവെച്ചിരുന്നത്. തോൽവി വഴങ്ങിയെങ്കിലും പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മികച്ച പ്രകടനമായിരുന്നു കാഴ്ച്ചവെച്ചിരുന്നത്. ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തം പേരിലാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. ഇതോടെ താരം ഈ യൂറോയിൽ രണ്ട് ഗോളുകൾ കരസ്ഥമാക്കി കഴിഞ്ഞു. ഈ ഗോൾ നേട്ടത്തോട് കൂടി മറ്റൊരു റെക്കോർഡിനൊപ്പമെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. യൂറോ കപ്പിലും വേൾഡ് കപ്പിലുമായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന ഖ്യാതി ഇപ്പോൾ ക്ലോസേക്കൊപ്പം പങ്കിടുകയാണ് പോർച്ചുഗീസ് നായകൻ.19 ഗോളുകളാണ് ഇരുവരും യൂറോ കപ്പിലും വേൾഡ് കപ്പിലുമായി നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി നേടിയാൽ ഈ റെക്കോർഡ് റൊണാൾഡോയുടെ പേരിലാവും.

ഇതുവരെ യൂറോ കപ്പിൽ റൊണാൾഡോ ആകെ 12 ഗോളുകൾ നേടിക്കഴിഞ്ഞു. കൂടാതെ 7 വേൾഡ് കപ്പ് ഗോളുകളും താരം നേടിയിട്ടുണ്ട്.ഈ യൂറോ കപ്പിന് മുന്നേ 16 ഗോളുകളുമായി ഒരല്പം പിറകിലായിരുന്ന റൊണാൾഡോ രണ്ട് മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിയതോടെയാണ് ക്ലോസേക്കൊപ്പമെത്തിയത്.അതേസമയം യൂറോ കപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം, അഞ്ച് യൂറോ കളിച്ച താരം, അഞ്ച് യൂറോ കപ്പിലും ഗോളുകൾ നേടിയ താരമെന്ന റെക്കോർഡൊക്കെ റൊണാൾഡോയുടെ പേരിലാണ്.ഇനി രണ്ടിൽ കൂടുതൽ ഗോളുകൾ പോർച്ചുഗല്ലിന് വേണ്ടി നേടിയാൽ അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് റൊണാൾഡോക്ക് സ്വന്തമാവും. അലി ദായിയെയാണ് റൊണാൾഡോ മറികടക്കുക.

Leave a Reply

Your email address will not be published. Required fields are marked *