തോറ്റത് നന്നായി, നിലത്ത് നിൽക്കുമല്ലോ: പോർച്ചുഗീസ് സൂപ്പർതാരം റൂബൻ ഡയസ്
ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ വമ്പൻമാരായ പോർച്ചുഗലിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ക്രൊയേഷ്യ പോർച്ചുഗലിനെ പരാജയപ്പെടുത്തിയത്.മോഡ്രിച്ച്,ബുഡിമിർ എന്നിവർ നേടിയ ഗോളുകളാണ് ക്രൊയേഷ്യക്ക് വിജയം സമ്മാനിച്ചത്.പോർച്ചുഗലിന്റെ ഏക ഗോൾ നേടിയത് ജോട്ടയാണ്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിച്ചിരുന്നില്ല.
ഈ തോൽവിയെക്കുറിച്ച് ചില കാര്യങ്ങൾ പോർച്ചുഗല്ലിന്റെ പ്രതിരോധനിരയിലെ സൂപ്പർതാരമായ റൂബൻ ഡയസ് പറഞ്ഞിട്ടുണ്ട്. അതായത് തോറ്റത് നന്നായി എന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. അത് പോർച്ചുഗലിന് നിലത്ത് നിർത്താൻ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്.ഡയസിന്റെ വാക്കുകളെ പ്രമുഖ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“നിലത്ത് നിൽക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.വിജയങ്ങളിൽ നമ്മൾ അഭിരമിക്കാൻ പാടില്ല.നമുക്ക് എത്ര ടാലെന്റുകളും സൂപ്പർതാരങ്ങളും ഉണ്ടായിട്ട് കാര്യമില്ല,വർക്കിൽ ക്രിയേറ്റിവിറ്റിയും പരസ്പര ധാരണയും അത്യാവശ്യമാണ്.ഈ തോൽവിയോടുകൂടി ഞങ്ങൾക്ക് ഇനിയും ഒരുപാട് വളരാനുണ്ട് എന്നത് മനസ്സിലാക്കാൻ സാധിച്ചു.ഞങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ അതിന് സാധിക്കുമെന്നാണ് കരുതുന്നത്. എന്താണ് ഞങ്ങളുടെ പ്രശ്നമെന്ന് കണ്ടുപിടിച്ച് പരിഹരിക്കാൻ ഈ മത്സരം കാരണമാകും. വരാനിരിക്കുന്ന മത്സരങ്ങൾ ബുദ്ധിമുട്ടായിരിക്കുമെന്നും അതുകൊണ്ടുതന്നെ നിലത്ത് നിൽക്കേണ്ടതുണ്ട് എന്നതിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഇത്. ഞങ്ങൾ ഏറ്റവും മികച്ച നിലയിലേക്ക് എത്തേണ്ടതുണ്ട്.ഈ തോൽവി ആശങ്കകൾ ഒന്നും നൽകുന്നില്ല.
ഈയൊരു മത്സരവും ഈയൊരു വെല്ലുവിളിയും ഞങ്ങൾ ആഗ്രഹിച്ചതാണ്.മികച്ച ടീമുകൾക്കെതിരെ കളിക്കാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.അപ്പോഴാണ് കൂടുതൽ കാര്യങ്ങൾ നമുക്ക് പഠിക്കാൻ സാധിക്കുക. ഹൈ ലെവൽ മത്സരങ്ങളിലെ സമ്മർദ്ദം എങ്ങനെ തരണം ചെയ്യാമെന്നത് അപ്പോൾ മനസ്സിലാകും ” ഇതാണ് പോർച്ചുഗീസ് സൂപ്പർ താരം പറഞ്ഞിട്ടുള്ളത്.
ഇനി ഒരു സൗഹൃദ മത്സരം കൂടി പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ അയർലാൻഡാണ്. ആ മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയേക്കും. യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടം പോർച്ചുഗല്ലിനെ സംബന്ധിച്ചിടത്തോളം എളുപ്പമായിരിക്കും.ചെക്ക് റിപ്പബ്ലിക്,തുർക്കി,ജോർജിയ എന്നിവരാണ് പോർച്ചുഗലിന്റെ എതിരാളികളായി കൊണ്ട് വരുന്നത്.