തൊട്ടതെല്ലാം പിഴച്ചു, ജർമ്മനിക്ക് മുന്നിൽ തകർന്നടിഞ്ഞ് പോർച്ചുഗൽ!

ഇന്നലെ നടന്ന വമ്പൻമാരുടെ പോരാട്ടത്തിൽ പോർച്ചുഗല്ലിന് നാണംകെട്ട തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ ജർമ്മനിയോട് തകർന്നടിഞ്ഞത്. തങ്ങൾ വഴങ്ങിയ രണ്ട് സെൽഫ് ഗോളുകൾ തന്നെ പോർച്ചുഗല്ലിന് വിനയാവുകയായിരുന്നു.ഇതോടെ ഫ്രാൻസിനെതിരെ നടക്കുന്ന മത്സരം പോർച്ചുഗല്ലിന് നിർണായകമായി. അതേസമയം ജർമ്മനിയാവട്ടെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ നിലനിർത്തുകയും ചെയ്തു.ജർമ്മനിക്ക് വേണ്ടി ഹാവെർട്സ്, ഗോസെൻസ് എന്നിവരാണ് ഗോളുകൾ നേടിയത്. ശേഷിച്ച രണ്ട് ഗോളുകൾ പോർച്ചുഗീസ് താരങ്ങളായ റൂബൻ ഡയസിന്റെയും റാഫേൽ ഗ്വരെരയുടെയും സെൽഫ് ഗോളുകളായിരുന്നു.പോർച്ചുഗല്ലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡിയോഗോ ജോട്ട എന്നിവരാണ് ഗോളുകൾ നേടിയത്.

മത്സരത്തിന്റെ തുടക്കം മുതലേ ജർമ്മനി ആക്രമിച്ചാണ് കളിച്ചത്.അഞ്ചാം മിനുട്ടിൽ തന്നെ ഗോസൻസ് വല കുലുക്കിയെങ്കിലും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.പിന്നീട് കളിയുടെ ഗതിക്ക് വിപരീതമായി പോർച്ചുഗൽ ഒരു ഗോൾ നേടിക്കൊണ്ട് ലീഡ് എടുക്കുകയായിരുന്നു. കൌണ്ടർ അറ്റാക്കിനൊടുവിൽ ജോട്ടയുടെ അസിസ്റ്റിൽ നിന്ന് റൊണാൾഡോയാണ് ഗോൾ നേടിയത്.എന്നാൽ പിന്നീടങ്ങോട്ട് ജർമ്മൻ മുന്നേറ്റനിര പോർച്ചുഗീസ് ബോക്സിൽ ഇരമ്പിയാർത്തു. ഫലമായി 35-ആം മിനുട്ടിൽ ഡയസും 39-ആം മിനുട്ടിൽ ഗ്വരെരോയും സെൽഫ് ഗോൾ വഴങ്ങി.51-ആം മിനുട്ടിൽ ഗോസെൻസിന്റെ പാസിൽ നിന്ന് ഹാവെർട്സ് വല കുലുക്കി.60-ആം മിനുട്ടിൽ കിമ്മിച്ചിന്റെ പാസിൽ നിന്ന് ഗോസെൻസ് തന്നെ ഗോൾ നേടിയതോടെ പോർച്ചുഗൽ വമ്പൻ തോൽവി മുന്നിൽ കണ്ടു.67-ആം മിനുട്ടിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ജോട്ടയാണ് പോർച്ചുഗല്ലിന്റെ രണ്ടാം ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *