തീ പിടിച്ച കാലുമായി അവസാന യൂറോ കപ്പിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തി!
ഇത്തവണ ജർമ്മനിയിൽ വെച്ച് നടക്കുന്ന യുവേഫ യുറോ കപ്പിലെ പ്രധാന ആകർഷണം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്.39 കാരനായ താരം തന്റെ കരിയറിൽ കളിക്കുന്ന അവസാനത്തെ യൂറോ കപ്പ് ടൂർണമെന്റാണ് ഇത്. നേരത്തെ യൂറോ കപ്പ് സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. തന്റെ അവസാന യൂറോകപ്പിന് വേണ്ടി റൊണാൾഡോ പോർച്ചുഗീസ് ദേശീയ ടീമിനോടൊപ്പം ജോയിൻ ചെയ്തിട്ടുണ്ട്.
മറ്റൊരു താരമായ റൂബൻ നെവസിനൊപ്പമാണ് റൊണാൾഡോ പോർച്ചുഗൽ ക്യാമ്പിൽ എത്തിയിട്ടുള്ളത്. നാളെ ക്രൊയേഷ്യക്കെതിരെ ഒരു സൗഹൃദ മത്സരം പോർച്ചുഗൽ കളിക്കുന്നുണ്ട്. എന്നാൽ ഈ മത്സരത്തിൽ റൊണാൾഡോ ഉണ്ടാവില്ല. പിന്നീട് ജൂൺ പതിനൊന്നാം തീയതി അയർലാൻഡിനെതിരെ ഒരു ഫ്രണ്ട്‌ലി മത്സരം പോർച്ചുഗൽ കളിക്കുന്നുണ്ട്. ആ മത്സരത്തിലാണ് റൊണാൾഡോയെ നമുക്ക് കാണാൻ കഴിയുക. ഇക്കാര്യം അവരുടെ പരിശീലകനായ റോബർട്ടോ മാർട്ടിനസ് സ്ഥിരീകരിച്ചിട്ടുണ്ട്.
തീപിടിച്ച കാലുകളുമായാണ് റൊണാൾഡോ ഇത്തവണത്തെ യൂറോ കപ്പിന് എത്തിയിരിക്കുന്നത്. അത്രയധികം മാസ്മരിക ഫോമിൽ ആണ് അദ്ദേഹം ഈ സീസണിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. 39 വയസ്സുള്ള ഈ താരം തന്റെ സൗദി ക്ലബ്ബിന് വേണ്ടി 51 മത്സരങ്ങളിൽ നിന്ന് 50 ഗോളുകളാണ് സ്വന്തമാക്കിയിട്ടുള്ളത്.രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ആകെ 55 ഗോളുകൾ ഈ സീസണിൽ സ്വന്തമാക്കി കഴിഞ്ഞു. പോർച്ചുഗീസ് ടീമിലെ 7 താരങ്ങൾ, അഥവാ സിൽവ,ജോട്ട,ഫ്രാൻസിസ്ക്കോ,റാമോസ്,ഫെലിക്സ്,നെറ്റോ, ലിയാവോ എന്നീ താരങ്ങൾ ആകെ ഈ സീസണിൽ നേടിയത് 87 ഗോളുകളാണ്. അപ്പോഴാണ് റൊണാൾഡോ തനിച്ച് 55 ഗോളുകൾ നേടിയിട്ടുള്ളത്. ഈ പ്രായത്തിലും അദ്ദേഹം എത്രത്തോളം മികവിലാണ് ഉള്ളത് എന്നതിന്റെ തെളിവ് ഈ കണക്കുകൾ തന്നെയാണ്.
സൗദി അറേബ്യൻ ലീഗ് പൊതുവേ ഗോളടിക്കാൻ എളുപ്പമുള്ള ലീഗാണ് എന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാർത്ഥ്യം. എന്തെന്നാൽ സൂപ്പർ താരങ്ങളായ ബെൻസിമ,ഫിർമിനോ എന്നിവരൊക്കെ അവിടെ ബുദ്ധിമുട്ടുകയാണ്. ബെൻസിമയും ഫിർമിനോയും ലീഗിൽ 9 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.ആ സ്ഥാനത്താണ് റൊണാൾഡോ 35 ഗോളുകൾ സ്വന്തമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ റൊണാൾഡോയുടെ ഈയൊരു ഗോളടി മികവിനെ ഒരിക്കലും വിലകുറച്ച് കാണാൻ കഴിയില്ല. അദ്ദേഹം യൂറോ കപ്പിലും ഈ മിന്നുന്ന ഫോം തുടരുവാൻ തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.