തന്നെ വെറുക്കുന്നവർക്ക് മറുപടി നൽകി ഹിഗ്വയ്ൻ!

ഈയിടെയായിരുന്നു അർജന്റൈൻ സൂപ്പർതാരമായ ഗോൺസാലോ ഹിഗ്വയിൻ തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഫുട്ബോൾ ലോകത്തെ വമ്പൻ ക്ലബ്ബുകൾക്ക് വേണ്ടി കളിക്കുകയും ഗോളടിക്കുകയും ചെയ്തിട്ടുള്ള താരമാണ് ഹിഗ്വയ്ൻ. നിലവിൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്.

എന്നാൽ ഹിഗ്വയ്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ കരിയർ ഒട്ടും എളുപ്പമായിരുന്നില്ല. സ്വന്തം ആരാധകരിൽ നിന്നും ഏറ്റവും കൂടുതൽ വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുള്ള താരമാണ് ഹിഗ്വയ്ൻ. അർജന്റീന ഫൈനലുകളിൽ പരാജയപ്പെട്ടപ്പോഴെല്ലാം ബലിയാടാക്കപ്പെട്ടത് ഹിഗ്വയ്ൻ മാത്രമായിരുന്നു. ഏതായാലും പുതുതായി ഗോളിന് നൽകിയ അഭിമുഖത്തിൽ ഈ വിമർശകർക്കെല്ലാം ഹിഗ്വയ്ൻ മറുപടി പറഞ്ഞിട്ടുണ്ട്. നമുക്ക് അദ്ദേഹത്തിന്റെ വാക്കുകൾ ഒന്ന് പരിശോധിക്കാം.

‘ എന്നെക്കുറിച്ച് ഒന്നും അറിയാത്ത ആളുകൾ പോലും എന്നെപ്പറ്റി സംസാരിക്കുകയും എന്നെ ഇൻസൾട്ട് ചെയ്യുകയും എന്നോട് അനാദരവ് കാണിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ നിങ്ങൾക്ക് മറുപടി പറയാൻ കഴിയാത്ത ഒരു സാഹചര്യമായിരിക്കും അത്. അത് വളരെ ബുദ്ധിമുട്ടേറിയ ഒരു സാഹചര്യമാണ്. ഞാൻ ഒരുപാട് തവണ സഹിച്ചും ക്ഷമിച്ചും നിന്നിട്ടുണ്ട്. പക്ഷേ ഇനി എനിക്ക് പ്രതികരിക്കേണ്ടി വന്നേക്കും.

സോഷ്യൽ മീഡിയയിലൂടെയാണ് ഇത്തരം അധിക്ഷേപങ്ങൾ എനിക്ക് ഏൽക്കേണ്ടി വരുന്നത്. ഞാൻ ഒരു തെരുവിലൂടെ നടക്കുന്ന സമയത്ത് ഇതൊന്നും എനിക്ക് ഏൽക്കേണ്ടി വന്നിട്ടില്ല.ചില സമയങ്ങളിൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്.പക്ഷേ ഈ വിമർശനങ്ങൾ കാരണം എന്റെ നേട്ടങ്ങളെല്ലാം എനിക്ക് നല്ല രൂപത്തിൽ ആസ്വദിക്കാൻ കഴിഞ്ഞു. നിങ്ങൾ മൂന്ന് ഗോളുകൾ നേടുകയും ഒരു ഗോൾ നേടാനുള്ള അവസരം പാഴാക്കുകയും ചെയ്താൽ ആ പാഴാക്കിയ അവസരത്തെക്കുറിച്ച് ആയിരിക്കും അവർ ഓർക്കുക.

വേൾഡ് കപ്പ് ഫൈനലിലും കോപ്പ അമേരിക്ക ഫൈനലിലും ഞാൻ പരാജയപ്പെട്ടിട്ടുണ്ട്.പ്രധാനപ്പെട്ട ഗോളുകൾ നേടാനുള്ള അവസരങ്ങൾ എനിക്ക് ഉപയോഗപ്പെടുത്താൻ കഴിയാതെ പോയിട്ടുമുണ്ട്.അതൊക്കെ ബുദ്ധിമുട്ടേറിയ സമയങ്ങൾ ആയിരുന്നു. പക്ഷേ അതിനുശേഷം 90 മില്യൺ യൂറോക്ക് എന്നെ യുവന്റസ് സ്വന്തമാക്കി. ഒരു അർജന്റീനക്കാരന് ലഭിക്കുന്ന ഏറ്റവും വലിയ തുകയായിരുന്നു അതന്ന് ഓർക്കണം. നിങ്ങൾ മനസ്സിലാക്കേണ്ട ഒരു കാര്യം, നിങ്ങളുടെ വിമർശനങ്ങൾ ഒന്നും തന്നെ എന്നെ ലക്ഷ്യത്തിൽ നിന്നും വഴി തെറ്റിച്ചിട്ടില്ല എന്നുള്ളതാണ് ” ഹിഗ്വയ്ൻ പൂർത്തിയാക്കി.

റയൽ മാഡ്രിഡ്,നാപ്പോളി,യുവന്റസ്,എസി മിലാൻ, ചെൽസി എന്നിവർക്ക് വേണ്ടിയൊക്കെ കളിച്ചിട്ടുള്ള താരമാണ് ഹിഗ്വയ്ൻ. അർജന്റീനക്ക് വേണ്ടി 75 മത്സരങ്ങൾ കളിച്ച താരം 31 ഗോളുകൾ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!