തനിക്കും കുടുംബത്തിനും വധഭീഷണി വരെ ലഭിച്ചു, മൊറാറ്റയുടെ വെളിപ്പെടുത്തൽ!

സ്പാനിഷ് സ്‌ട്രൈക്കർ അൽവാരോ മൊറാറ്റക്കിപ്പോൾ അത്ര നല്ല നാളുകളല്ല. ഈ യൂറോ കപ്പിലെ സ്പെയിനിന്റെ ഗോളടി ചുമതല ഏൽപ്പിക്കപ്പെട്ട മൊറാറ്റക്ക് അത്‌ ഭംഗിയായി നിർവഹിക്കാൻ കഴിഞ്ഞിരുന്നില്ല. മാത്രമല്ല നിരവധി സുവർണ്ണാവസരങ്ങൾ താരം പാഴാക്കിയത് ആരാധകരെ ചൊടിപ്പിച്ചിരുന്നു. പലപ്പോഴും സ്പെയിൻ ആരാധകർ തന്നെ താരത്തെ കൂവിവിളിക്കുന്നത് ഈ യൂറോയിൽ കാണാനായി. അവസാനം സ്ലോവാക്യക്കെതിരെ നടന്ന മത്സരത്തിൽ പെനാൽറ്റി പാഴാക്കിയതോടെ ഈ വിമർശനങ്ങൾ ഇരട്ടിയായി. എന്നാൽ ആരാധകരുടെ പ്രവർത്തികൾ കൈവിട്ട മട്ടാണിപ്പോൾ. തനിക്കും കുടുംബത്തിനും വധഭീഷണികൾ വരെ ലഭിച്ചു എന്നാണ് മൊറാറ്റ വെളിപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം എൽ പാർട്ടിഡാസോക്ക് നൽകിയ അഭിമുഖത്തിലാണ് യുവന്റസ് സ്‌ട്രൈക്കർ കൂടിയായ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

” പോളണ്ടിനെതിരെയുള്ള മത്സരത്തിന് ശേഷം ഒമ്പത് മണിക്കൂർ എനിക്ക് ഉറങ്ങാൻ സാധിച്ചില്ല.എനിക്കും എന്റെ കുടുംബത്തിനും വധഭീഷണി വരെ നേരിടേണ്ടി വന്നു.പക്ഷേ എനിക്കിപ്പോൾ കുഴപ്പൊന്നുമില്ല. ഇത്‌ വർഷങ്ങൾക്ക് മുമ്പായിരുന്നുവെങ്കിൽ ഞാൻ അസ്വസ്ഥനായേനെ.എന്നെ ഏൽപ്പിക്കപ്പെട്ട ജോലി ഞാൻ ശരിയായി ചെയ്യുന്നില്ലായിരിക്കാം. ഞാൻ ഗോളുകൾ നേടാത്തത് കൊണ്ടാണ് ആളുകൾ എന്നെ വിമർശിക്കുന്നതെന്ന് എനിക്ക് മനസ്സിലാവും.പക്ഷേ ആളുകൾ അവരെ തന്നെ എന്റെ സ്ഥാനത്തൊന്ന് സങ്കൽപ്പിച്ചു നോക്കിയിരിന്നുവെങ്കിൽ എന്ന് ഞാൻ ആശിക്കുകയാണ്.എന്നെ ഏറ്റവും അലട്ടുന്ന കാര്യം എന്തെന്നാൽ അവർ എന്റെ ഭാര്യയെയും കുട്ടികളെയും ശല്യം ചെയ്തു തുടങ്ങുന്നു എന്നതാണ്.ആ പെനാൽറ്റി എടുത്തതിൽ എനിക്ക് അഭിമാനമേ ഒള്ളൂ. കാരണം ആരും എടുക്കാൻ തയ്യാറാവാതിരുന്ന സമയത്താണ് ഞാൻ അത്‌ എടുത്തത്.ഐകർ കസിയസും റൗൾ ഗോൺസാലസും പെപെ റെയ്‌നയുമൊക്കെ എന്നെ ബന്ധപ്പെട്ടിരുന്നു.വിമർശനങ്ങൾക്ക് പ്രാധാന്യം നൽകേണ്ട എന്നാണ് അവരൊക്കെ എന്നോട് ഉപദേശിച്ചത് ” മൊറാറ്റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *