ഡി മരിയയുടെ അസിസ്റ്റന്റ് കോച്ച് ആവണം,അതേക്കുറിച്ച് സംസാരിച്ചിട്ടുണ്ട്:അർജന്റൈൻ സൂപ്പർ താരം പറയുന്നു!
അർജന്റൈൻ സൂപ്പർതാരമായ എയ്ഞ്ചൽ ഡി മരിയ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്കയോടു കൂടിയാണ് ഡി മരിയ അർജന്റീന ദേശീയ ടീമിന്റെ ജഴ്സി അഴിച്ചുവച്ചത്. എന്നാൽ ക്ലബ്ബ് ഫുട്ബോളിൽ ഇപ്പോഴും താരം തുടരുന്നുണ്ട്. പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കയുമായി അദ്ദേഹം തന്റെ കരാർ പുതുക്കിയിരുന്നു. കുറച്ച് കാലം കൂടി ഫുട്ബോൾ ലോകത്ത് ഡി മരിയയെ നമുക്ക് കാണാൻ കഴിയും.
ഫുട്ബോൾ പ്ലെയർ എന്ന കരിയർ അവസാനിപ്പിച്ചതിനുശേഷം ഡി മരിയ ഒരു പരിശീലകനായി കൊണ്ട് എത്താനുള്ള സാധ്യതകൾ ഏറെയാണ്. ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരിക്കുന്നത് അർജന്റൈൻ സൂപ്പർ താരമായ ലിയാൻഡ്രോ പരേഡസാണ്. അതായത് ഡി മരിയ പരിശീലകനാകുമ്പോൾ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനാവാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ഇതേക്കുറിച്ച് മുൻപ് തങ്ങൾ സംസാരിച്ചിട്ടുണ്ടെന്നുമാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” സമയം കൂടുന്തോറും ഫുട്ബോളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള എന്റെ ആഗ്രഹവും കൂടി വരികയാണ്. സത്യത്തിൽ എനിക്ക് കോച്ചിങ്ങിനെ കുറിച്ച് ഒന്നുമറിയില്ല.പക്ഷേ ഒരു കോച്ചിംഗ് സ്റ്റാഫിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് അറിയാം.എയ്ഞ്ചൽ ഡി മരിയ നിലവിൽ പരിശീലകനാവാൻ ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആവാനാണ് ആഗ്രഹിക്കുന്നത്.ഒരുപക്ഷേ അതിനു സാധിച്ചേക്കാം.ഞങ്ങൾ പാരീസിൽ ആയിരുന്ന സമയത്ത് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു ” ഇതാണ് പരേഡസ് പറഞ്ഞിട്ടുള്ളത്.
ഭാവിയിൽ ഡി മരിയ പരിശീലകന്റെ വേഷം അണിയുമ്പോൾ അദ്ദേഹത്തെ സഹായിക്കാനായി കൊണ്ട് പരേഡസ് ഉണ്ടായേക്കാം. മുമ്പ് അർജന്റീനക്ക് വേണ്ടി കളിച്ചിട്ടുള്ള താരങ്ങളാണ് ഇന്ന് അർജന്റീനയുടെ പരിശീലകരായി കൊണ്ട് ഉള്ളത്.സ്‌കലോണിയും പാബ്ലോ ഐമറും വാൾട്ടർ സാമുവലും റോബർട്ടോ അയാളയും ചേർന്ന പരിശീലക സംഘമാണ് അർജന്റീനയെ ഇന്ന് ഉന്നതങ്ങളിലേക്ക് നയിച്ചിട്ടുള്ളത്. അവരുടെ വഴി പിന്തുടരാനാണ് ഡി മരിയയും പരേഡസുമൊക്കെ ഇപ്പോൾ ആഗ്രഹിക്കുന്നത്.