ഡി മരിയക്ക് അർജന്റൈൻ ക്ലബ്ബ് ആരാധകരിൽ നിന്നുമുള്ള വിമർശനങ്ങൾ, പിന്തുണയുമായി ഭാര്യ!

അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ തന്റെ കരിയർ ആരംഭിച്ചത് അർജന്റീന ക്ലബ്ബായ റൊസാരിയോ സെൻട്രലിലൂടെയായിരുന്നു. അതിനുശേഷം അദ്ദേഹം യൂറോപ്പിലെ ഒട്ടേറെ പ്രമുഖ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചു. ഇനി ബെൻഫിക്കക്ക് വേണ്ടി തന്നെയാണ് കളിക്കുക. യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിച്ചതിനുശേഷം റൊസാരിയോ സെൻട്രലിലേക്ക് മടങ്ങിയെത്തണമെന്നുള്ള ആഗ്രഹം നേരത്തെ തന്നെ ഡി മരിയ തുറന്നു പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം മാക്സി റോഡ്രിഗസിന്റെ വിടവാങ്ങൽ മത്സരത്തിൽ ഡി മരിയ പങ്കെടുത്തിരുന്നു. റൊസാരിയോ സെൻട്രലിന്റെ ബദ്ധവൈരികളായ ന്യൂവെൽസിന്റെ മൈതാനത്ത് വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്. വലിയ വരവേൽപ്പായിരുന്നു ഡി മരിയയ്ക്ക് ലഭിച്ചത്. അദ്ദേഹത്തിന്റെ പേര് അവർ ചാന്റ് ചെയ്തിരുന്നു. എന്നാൽ ഇത് റോസാരിയോയുടെ ചില ആരാധകർക്ക് ദഹിച്ചിരുന്നില്ല. അവർ തങ്ങളുടെ മുൻ താരമായ ഡി മരിയക്കെതിരെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും സോഷ്യൽ മീഡിയയിലൂടെ നടത്തിയിരുന്നു.

ഇതിനെതിരെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റുമായി ഡി മരിയയുടെ ഭാര്യയായ കാർഡോസോ രംഗത്ത് വന്നിട്ടുണ്ട്.അവരുടെ പോസ്റ്റിലെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.

” നിങ്ങളുടെ സ്വപ്നം എന്തെന്നാൽ നിങ്ങൾ ആഗ്രഹിക്കുന്ന സമയത്ത് ആ ക്ലബ്ബിലേക്ക് തിരിച്ചു പോവുക എന്നുള്ളതാണ്. ആ സ്വപ്നം തന്നെ തുടരുക. അല്ലാതെ അവർ അടിച്ചേൽപ്പിക്കുന്ന സമയത്ത് തിരിച്ചു പോകേണ്ട കാര്യമില്ല.വളരെ ചുരുക്കം ആളുകളാണ് ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ നടത്തുന്നത്. ക്ലബ്ബുകളുടെ ആരാധകർ തമ്മിലുള്ള പ്രശ്നം ചില ആളുകൾക്കിടയിൽ മാത്രമാണ് ഉള്ളത്. ഡിസംബർ പതിനെട്ടാം തീയതി നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നത് പോലെ ഒരുമിച്ച് നിൽക്കുന്നതാണ് ഞാൻ എപ്പോഴും സ്വപ്നം കാണുന്നത്.അർജന്റീന ദേശീയ ടീമിൽ മുമ്പ് ഒരുപാട് വിമർശനങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. നിങ്ങൾ അതിനെയെല്ലാം തരണം ചെയ്തിട്ടുമുണ്ട്. റൊസാരിയോ ക്ലബ്ബിന് നിങ്ങൾ വളരെയധികം സ്നേഹിക്കുന്നുണ്ട് എന്നുള്ളത് നിങ്ങളെ സ്നേഹിക്കുന്നവർക്കറിയാം. നമുക്ക് ഒരിക്കലും എല്ലാവരെയും എപ്പോഴും സന്തോഷമാക്കി നിർത്താൻ കഴിയില്ലല്ലോ “ഇതാണ് ഡി മരിയയുടെ ഭാര്യ കുറിച്ചിട്ടുള്ളത്.

ഏതായാലും അധികം വൈകാതെ തന്നെ ഡി മരിയ റൊസാരിയോ സെൻട്രലിൽ തിരിച്ചെത്തിയേക്കും. അടുത്ത വർഷത്തെ കോപ്പ അമേരിക്കക്ക് ശേഷം ഡി മരിയ അർജന്റീന ദേശീയ ടീമിൽ തുടരാൻ സാധ്യത കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *