ഡിബാലയെ അർജന്റൈൻ ടീമിൽ ഉൾപ്പെടുത്തുന്നു!
വരുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന്റെ തിരക്കിലാണ് നിലവിൽ അർജന്റൈൻ പരിശീലകനായ ലയണൽ സ്കലോണിയുള്ളത്. രണ്ട് മത്സരങ്ങളാണ് ഈ മാസത്തിന്റെ അന്ത്യത്തിൽ അർജന്റീന കളിക്കുന്നത്.ജനുവരി 28-ആം തിയ്യതി നടക്കുന്ന മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ.ചിലിയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം നടക്കുക. പിന്നീട് ഫെബ്രുവരി 2-ന് അർജന്റീന കൊളംബിയയെ നേരിടും. സ്വന്തം മൈതാനത്ത് വെച്ചാണ് ഈ മത്സരം അർജന്റീന കളിക്കുക.
ഈ മത്സരങ്ങൾക്കുള്ള ടീമിൽ പ്രധാനപ്പെട്ട താരങ്ങൾക്ക് വിശ്രമം നൽകാൻ ഇപ്പോൾ സ്കലോണി ആലോചിക്കുന്നുണ്ട്. മാത്രമല്ല കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത്കൊണ്ട് യൂറോപ്പിൽ കളിക്കുന്ന പല താരങ്ങൾക്കും സ്കലോണി വിശ്രമം നൽകിയേക്കും. അർജന്റീനയിലെ തന്നെ കൂടുതൽ യുവതാരങ്ങൾക്കും പുതുമുഖങ്ങൾക്കും അവസരം നൽകാനാണ് സ്കലോണി തീരുമാനിച്ചിരിക്കുന്നത്.
Paulo Dybala, Matias Soule to be called up to the Argentina national team. https://t.co/HiQu4oSQjE
— Mundo Albiceleste 🇦🇷 (@MundoAlbicelest) January 11, 2022
അതേസമയം യുവന്റസിന്റെ സൂപ്പർതാരമായ പൗലോ ഡിബാലയെ ടീമിൽ ഉൾപ്പെടുത്താൻ ഇപ്പോൾ സ്കലോണി തീരുമാനിച്ചിട്ടുണ്ട്. പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു ഡിബാല അവസാനമായി കളിച്ചത്. അന്ന് താരം അസിസ്റ്റ് കരസ്ഥമാക്കുകയും ചെയ്തിരുന്നു.
ഡിബാലയെ കൂടാതെ മത്യാസ് സൂളെ,ജിയോവാന്നി സിമയോണി എന്നിവരും ടീമിൽ ഇടം നേടിയെടുക്കും.സിമയോണിയെ ഉൾപ്പെടുത്തി എന്നുള്ള കാര്യം അദ്ദേഹത്തിന്റെ ക്ലബ്ബായ ഹെല്ലസ് വെറോണ തന്നെ അറിയിച്ചിരുന്നു.