ടോപ് സ്കോററാവാൻ CR7 സെൽഫിഷാവും:മിൽസ്
യുവേഫ യൂറോ കപ്പിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനു വേണ്ടി പോർച്ചുഗൽ ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. എതിരാളികൾ ജോർജിയയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ആദ്യ ഗോൾ ഇന്ന് പിറക്കുമോ എന്നതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. യൂറോ കപ്പിലെ നിലവിലെ ഗോൾഡൻ ബൂട്ട് ജേതാവ് റൊണാൾഡോയാണ്. അത് നിലനിർത്താൻ വേണ്ടിയുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകും എന്നുള്ള കാര്യം മുൻ ഇംഗ്ലീഷ് താരമായിരുന്ന ഡാനി മിൽസ് പറഞ്ഞിട്ടുണ്ട്. സ്ട്രൈക്കർമാർ സെൽഫിഷ് ആകുന്നത് സ്വാഭാവികമാണെന്നും ക്രിസ്റ്റ്യാനോ ഗോൾഡൻ ബൂട്ടിന് വേണ്ടി പരമാവധി ശ്രമിക്കുമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.മിൽസിന്റെ വാക്കുകൾ ഇങ്ങനെയാണ്.”ഗോൾഡൻ ബൂട്ട് മികച്ച ഒരു നേട്ടമാണ്. പക്ഷേ യൂറോ കിരീടം കൂടി ലഭിക്കുമ്പോഴാണ് അത് അർത്ഥവത്താകുന്നത്.ചില സമയങ്ങളിൽ സെന്റർ ഫോർവേഡ്മാർ സെൽഫിഷാകാറുണ്ട്.എന്നിരുന്നാലും ഹാരി കെയ്നും എംബപ്പേയും അങ്ങനെയാകുമെന്ന് ഞാൻ കരുതുന്നില്ല.അവർക്ക് കൂടുതൽ ഗോളുകൾ നേടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ടീം കിരീടം നേടിയാൽ മതിയാകും. പക്ഷേ ക്രിസ്റ്റ്യാനോ റൊണാൾഡോ അങ്ങനെയല്ല. അദ്ദേഹം ഒരല്പം സെൽഫിഷാണ്. കിരീടത്തിന് പുറമേ അദ്ദേഹത്തിന് ഗോൾഡൻ ബൂട്ട് കൂടി വേണ്ടിവരും. അതാണ് മറ്റുള്ള സ്ട്രൈക്കർമാരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത് ” ഇതാണ് ഡാനി മിൽസ് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഇതിന് തികച്ചും വിപരീതമായ ഒരു പ്രവർത്തിയാണ് റൊണാൾഡോയിൽ നിന്നും ഉണ്ടായത്. തനിക്ക് ഗോളടിക്കാമായിരുന്നിട്ടും അദ്ദേഹം സഹതാരമായ ബ്രൂണോ ഫെർണാണ്ടസിന് അസിസ്റ്റ് നൽകുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച പോർച്ചുഗൽ പ്രീ ക്വാർട്ടർ യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരത്തിൽ അവർക്ക് സമ്മർദ്ദങ്ങൾ ഒന്നുമില്ലാതെ കളിക്കാൻ സാധിക്കും.