ടെന്നീസ് കോർട്ടിനോട് വിടപറഞ്ഞ റോജർ ഫെഡറർക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശവുമായി മെസ്സിയും പെലെയും!

ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റോജർ ഫെഡറർ കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കളി നിർത്തിയ കാര്യം ഫെഡറർ സ്ഥിരീകരിച്ചത്. 24 വർഷത്തോളം ടെന്നീസ് കോർട്ടിൽ ചിലവഴിച്ച ഇദ്ദേഹം 41ാമത്തെ വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ളത്.1500ൽ പരം മത്സരങ്ങൾ കളിച്ച ഈ ഇതിഹാസം 103 സിംഗിൾ കിരീടങ്ങൾ നേടിയിട്ടുണ്ട്.

ഏതായാലും ഈ ടെന്നീസ് ഇതിഹാസത്തിന് ഫുട്ബോൾ ഇതിഹാസമായ പെലെ ഹൃദയത്തിൽ നിന്നുള്ള ഒരു സന്ദേശം ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് പെലെ റോജർ ഫെഡറർക്ക് മെസ്സേജ് നൽകിയിട്ടുള്ളത്.പെലെയുടെ വാക്കുകൾ ഇങ്ങനെയാണ്.

” എന്റെ സുഹൃത്തായ റോജർ ഫെഡറർക്ക്.നമ്മൾ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു കാര്യം നിർത്താൻ തീരുമാനിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.പക്ഷേ ബുദ്ധിമുട്ടേറിയ സമയങ്ങളിലും വെല്ലുവിളി നേരിടേണ്ട വന്ന സമയങ്ങളിലും നമ്മൾ അതിനെ മികച്ച രൂപത്തിൽ കൈകാര്യം ചെയ്തിരുന്നു എന്നുള്ളത് നമുക്ക് സമാധാനം നൽകുന്ന ഒരു കാര്യമാണ്.ഈ ദിവസം നിനക്ക് എത്രത്തോളം കഠിനമാണ് എന്നുള്ളത് എനിക്ക് സങ്കൽപ്പിക്കാൻ കഴിയും. നിങ്ങളെ ഇഷ്ടപ്പെടുന്ന ആരാധകർക്കും അങ്ങനെ തന്നെയാണ്.നിങ്ങളുടെ യാത്ര ഈ ലോകത്ത് തന്നെ ഒരു വലിയ ഇമ്പാക്ട് ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങൾ എന്നും എപ്പോഴും ഒരു ഐഡോൾ തന്നെയായിരിക്കും ” ഇതാണ് പെലെയുടെ സന്ദേശം.

അതേസമയം സൂപ്പർതാരം ലയണൽ മെസ്സിയും ഫെഡറർക്ക് ഹൃദയത്തിൽ നിന്നുള്ള സന്ദേശം പങ്കുവെച്ചിട്ടുണ്ട്.മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ഇങ്ങനെയാണ്.

” നിങ്ങളൊരു ജീനിയസാണ് ഫെഡറർ. മാത്രമല്ല അതുല്യനായ പ്രതിഭയുമാണ്. ലോകത്തുള്ള ഏതൊരു അത്‌ലറ്റിനും നിങ്ങൾ ഒരു ഉദാത്ത മാതൃകയാണ്.നിങ്ങളുടെ പുതിയ സ്റ്റേജിന് എല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളെ കോർട്ടിൽ കാണുന്നതും ഞങ്ങളെ എൻജോയ് ചെയ്യിപ്പിക്കുന്നതുമൊക്കെ ഇനി ഞങ്ങൾ മിസ് ചെയ്യും ” ഇതാണ് മെസ്സി കുറിച്ചിട്ടുള്ളത്.

ഏതായാലും റോജർ ഫെഡററുടെ വിരമിക്കാൻ അദ്ദേഹത്തിന്റെ ആരാധകർക്കെല്ലാം വലിയ നിരാശയാണ് പകർന്ന് നൽകിയിട്ടുള്ളത്. കായികലോകം ഒന്നടങ്കം ഫെഡറർക്ക് എല്ലാവിധ ആശംസകളും നേർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *