ടാപ്പിയയുമായി സംസാരിച്ചിട്ട് പോലുമില്ല,സ്‌കലോണിയുടെ ഇപ്പോഴത്തെ സാഹചര്യങ്ങൾ എന്തൊക്കെയാണ്?

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ അർജന്റീന പരാജയപ്പെടുത്തിയിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. വേൾഡ് കപ്പിന്റെ യോഗ്യത മത്സരത്തിൽ ആദ്യമായാണ് ബ്രസീൽ സ്വന്തം മൈതാനത്ത് പരാജയപ്പെടുന്നത്. എന്നാൽ ഈ മത്സരത്തിനു ശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി രാജി സൂചനകൾ നൽകിയിരുന്നു.

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ട ആഭ്യന്തര പ്രശ്നങ്ങൾ കാരണമാണ് സ്‌കലോണി ഇപ്പോൾ രാജിവെക്കാൻ ആലോചിക്കുന്നത്.അതിലെ ഏറ്റവും പുതിയ വിവരങ്ങൾ ഇപ്പോൾ പ്രമുഖ അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് പുറത്തുവിട്ടു കഴിഞ്ഞിട്ടുണ്ട്. അതായത് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ടായ ക്ലോഡിയോ ടാപ്പിയയുമായി ഇതുവരെ ഈ പരിശീലകൻ സംസാരിച്ചിട്ടില്ല. മാധ്യമങ്ങളോട് രാജിസൂചന നൽകിയതിനു ശേഷം ഇരുവരും പരസ്പരം സംസാരിക്കാൻ തയ്യാറായിട്ടില്ല.

നിലവിൽ കുടുംബത്തോടൊപ്പം അർജന്റീനയിലാണ് സ്‌കലോണി ഉള്ളത്.കുറച്ചുദിവസം അവിടെ ചെലവഴിച്ചതിനുശേഷം സ്പെയിനിലേക്ക് പറക്കും. ഡിസംബർ ഏഴാം തീയതി മയാമിയിൽ വച്ചുകൊണ്ട് കോപ്പ അമേരിക്കയുടെ ഡ്രോ നടക്കുന്നുണ്ട്.ഈ ചടങ്ങിൽ അർജന്റീനയെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കാൻ സ്‌കലോണി ഉണ്ടാവില്ല. തനിക്ക് ചിന്തിക്കാൻ സമയം വേണമെന്ന് സ്‌കലോണി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബോർഡ് മെമ്പേഴ്സും കോച്ചിംഗ് സ്റ്റാഫും തമ്മിൽ ചില ചർച്ചകൾ നടന്നു കഴിഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടെങ്കിലും കാര്യമായി ഒന്നും സംഭവിച്ചിട്ടില്ല.

അധികം വൈകാതെ തന്നെ ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഭാഗത്തു നിന്നും ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ടാപ്പിയയുമായി വലിയ രൂപത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇനി മാർച്ച് മാസത്തിൽ മാത്രമാണ് ഇന്റർനാഷണൽ ബ്രേക്ക് ഉള്ളത്. അതിനു മുൻപേ ഈ പ്രശ്നങ്ങളിൽ ഒരു അന്തിമ പരിഹാരം കാണാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *