ഞാൻ മശെരാനോയോട് മാപ്പ് ചോദിക്കുന്നു:എൻസോ
ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ അർജന്റീന ചിലിയെ തോൽപ്പിച്ചിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഇടം നേടാൻ എൻസോ ഫെർണാണ്ടസിന് സാധിച്ചിരുന്നു.64ആം മിനിറ്റ് വരെ കളിച്ച താരം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടുണ്ട്. നാല് ചാൻസുകൾ ക്രിയേറ്റ് ചെയ്യാൻ ഈയൊരു മധ്യനിര താരത്തിന് കഴിഞ്ഞിട്ടുണ്ട്.
നിലവിൽ പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസിയുടെ താരമാണ് എൻസോ. കേവലം 23 വയസ്സ് മാത്രം പ്രായമുള്ള താരത്തിന് അർജന്റീന ടീമിനോടൊപ്പം ഒളിമ്പിക്സിൽ പങ്കെടുക്കാൻ സാധിക്കുമായിരുന്നു. അർജന്റീന അണ്ടർ 23 ടീമിന്റെ പരിശീലകനായ മശെരാനോ താരത്തെ വിട്ടു നൽകാൻ വേണ്ടി ചെൽസിയെ സമീപിക്കുകയും ചെയ്തിരുന്നു.എന്നാൽ ചെൽസി അത് നിരസിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ മശെരാനോയോട് മാപ്പ് പറഞ്ഞിരിക്കുകയാണ് എൻസോ ഫെർണാണ്ടസ്.ഇന്നത്തെ മത്സരത്തിനുശേഷം അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
” ഞാൻ ഒളിമ്പിക്സിൽ ഉണ്ടാവാൻ വേണ്ടി അദ്ദേഹം വളരെയധികം ആഗ്രഹിച്ചിരുന്നു.എന്നാൽ എനിക്ക് അതിന് സാധിക്കില്ല. അക്കാര്യത്തിൽ ഞാൻ അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നു ” ഇതാണ് എൻസോ പറഞ്ഞിട്ടുള്ളത്.
ഗർനാച്ചോക്ക് വേണ്ടിയും മശെരാനോ ശ്രമങ്ങൾ നടത്തിയിരുന്നു.അതും ഫലം കണ്ടിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് അദ്ദേഹത്തെ വിട്ട് നൽകാൻ തയ്യാറായിട്ടില്ല. ഇത്തവണ പാരീസിൽ വച്ചുകൊണ്ടാണ് ഒളിമ്പിക്സ് നടക്കുന്നത്. നിലവിലെ ഗോൾഡ് മെഡൽ ജേതാക്കളായ ബ്രസീലിന് ഇത്തവണ യോഗ്യത കരസ്ഥമാക്കാൻ കഴിഞ്ഞിട്ടില്ല.