ഞാൻ പിന്നെ കോർണറിൽ പോയി ഒളിച്ചിരിക്കണോ:ക്രിസ്റ്റ്യാനോക്കൊപ്പം ഫോട്ടോയെടുത്ത വിവാദത്തിൽ പ്രതികരിച്ച് സിലിൻസ്ക്കി
കഴിഞ്ഞ നേഷൻസ് ലീഗ് മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഒന്നിനെതിരെ 5 ഗോളുകൾക്കാണ് പോളണ്ടിനെ അവർ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തകർപ്പൻ പ്രകടനമായിരുന്നു നടത്തിയിരുന്നത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. മാൻ ഓഫ് ദി മാച്ച് പുരസ്കാരം നേടിയതും അദ്ദേഹം തന്നെയായിരുന്നു.
മത്സരശേഷം പോളിഷ് താരമായ സിലിൻസ്ക്കി ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഒരു ഫോട്ടോ എടുത്തിരുന്നു.എന്നാൽ പോളണ്ട് ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ താരത്തിന് ലഭിച്ചു. ഇത്രയും വലിയ ഒരു തോൽവി ഏറ്റുവാങ്ങിയതിനു ശേഷം റൊണാൾഡോക്കൊപ്പം ഫോട്ടോയെടുത്തതാണ് വലിയ വിവാദമായത്. എന്നാൽ ഈ വിമർശനങ്ങളോട് പ്രതികരിച്ചുകൊണ്ട് സിലിൻസ്ക്കി തന്നെ ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്. ഞാൻ പിന്നെ ഒരു മൂലയിൽ പോയി ഒളിച്ചിരിക്കണോ എന്നാണ് അദ്ദേഹം ചോദിച്ചിട്ടുള്ളത്.സിലിൻസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്
“സോഷ്യൽ മീഡിയയിൽ എന്ത് നടക്കുന്നു എന്നുള്ളതിന് ഞാൻ വലിയ പ്രാധാന്യമൊന്നും നൽകുന്നില്ല.എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റൊണാൾഡോ. അദ്ദേഹത്തോടൊപ്പം ഒരു ഫോട്ടോ എടുക്കാൻ എനിക്ക് മോഹം തോന്നി.അത് ഞാൻ എടുക്കുകയും ചെയ്തു. മത്സരം പരാജയപ്പെട്ടു എന്ന് കരുതി ഞങ്ങൾ എന്താണ് ചെയ്യേണ്ടത്? ഒരു കോർണറിൽ പോയി ഒളിച്ചിരിക്കണോ? ഞാൻ അദ്ദേഹത്തോട് അനുവാദം ചോദിച്ച് ഒരു ഫോട്ടോ എടുത്തു.എനിക്ക് തോന്നിയത് ഞാൻ ചെയ്തു. അത്രയേ ഉള്ളൂ “ഇതാണ് പോളണ്ട് താരം പറഞ്ഞിട്ടുള്ളത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.എതിരാളികൾ ക്രൊയേഷ്യയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15നാണ് ഈയോരു മത്സരം നടക്കുക. ഇന്നത്തെ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കില്ല. അദ്ദേഹത്തിന് വിശ്രമം അനുവദിക്കാൻ പോർച്ചുഗൽ പരിശീലകൻ തീരുമാനിച്ചിട്ടുണ്ട്.