ഞാൻ നേരിട്ട് വിളിച്ചത് ഒരേയൊരു താരത്തെ മാത്രം:പോർച്ചുഗൽ പരിശീലകൻ പറയുന്നു

അടുത്ത മാസം ആരംഭിക്കുന്ന യുറോ കപ്പിനുള്ള പോർച്ചുഗൽ സ്‌ക്വാഡ് കഴിഞ്ഞ ദിവസം പരിശീലകൻ റോബർട്ടോ മാർട്ടിനസ് പ്രഖ്യാപിച്ചിരുന്നു. ആകെ 42 പേരുള്ള ഒരു ലിസ്റ്റ് ആയിരുന്നു ആദ്യം അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്. ഇതിൽ നിന്ന് 26 പേരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഫൈനൽ സ്‌ക്വാഡാണ് ഇന്നലെ ഈ പരിശീലകൻ പ്രഖ്യാപിച്ചത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ ടീമിന്റെ പ്രധാന ആകർഷണം.

എന്നാൽ മിന്നുന്ന ഫോമിൽ കളിക്കുന്ന റിക്കാർഡോ ഹോർത്തയെ പരിശീലകൻ ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. തന്റെ ക്ലബ്ബായ ബ്രാഗക്ക് വേണ്ടി മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.ഈ താരത്തെ മാത്രമാണ് താൻ നേരിട്ട് വിളിച്ച് ഒഴിവാക്കാനുള്ള കാരണം വിശദീകരിച്ചതെന്ന് പോർച്ചുഗൽ പരിശീലകനായ മാർട്ടിനസ് ഇപ്പോൾ പറഞ്ഞിട്ടുണ്ട്. താരത്തെ ഒഴിവാക്കേണ്ടി വന്നതിൽ തനിക്ക് വളരെയധികം ദുഃഖമുണ്ടെന്നും മാർട്ടിനസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ പോർച്ചുഗീസ് മാധ്യമമായ എ ബോല റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ഞാൻ എന്റെ ഭാഗം വിശദീകരിക്കാൻ വേണ്ടി ഒരേയൊരു താരത്തെ മാത്രമാണ് നേരിട്ട് വിളിച്ചിട്ടുള്ളത്. അത് റിക്കാർഡോ ഹോർത്തയെയാണ്. കാരണം അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ കഴിയാത്തതിൽ എനിക്ക് വളരെയധികം ദുഃഖമുണ്ടായിരുന്നു. എല്ലാം ചെയ്തിട്ടും ടീമിൽ ഇടം ലഭിക്കാതിരിക്കുക എന്നത് ഒരു താരത്തെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നത് എനിക്ക് മനസ്സിലാകും.പക്ഷേ അദ്ദേഹത്തെ ഒഴിവാക്കുക എന്നല്ലാതെ എനിക്ക് മുന്നിൽ മറ്റൊരു വഴി ഉണ്ടായിരുന്നില്ല. ഒരു പരിശീലകനെ സംബന്ധിച്ചിടത്തോളം സ്വപ്ന തുല്യമായ താരമാണ് അദ്ദേഹം. പക്ഷേ യുറോ കപ്പ് പോലെയുള്ള ടൂർണമെന്റുകളിൽ സ്പെഷലിസ്റ്റ് ആയ ചില താരങ്ങൾ ടീമിൽ ഉണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന് സ്ഥാനം നഷ്ടമായത് “ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

പോർച്ചുഗീസ് ലീഗിൽ 9 ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്. മുന്നേറ്റ നിരയിലും മധ്യനിരയിലും ഏത് പൊസിഷനിലും കളിക്കാൻ കഴിവുള്ള താരമാണ് ഹോർത്ത. എന്നാൽ താരബാഹുല്യം കാരണമാണ് അദ്ദേഹത്തിന് ഇപ്പോൾ സ്ഥാനം നഷ്ടമായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *