ഞാൻ കണ്ട ഏറ്റവും വലിയ സർക്കസ്: രൂക്ഷ വിമർശനവുമായി അർജന്റീന കോച്ച്
ഇന്നലെ അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന ഒളിമ്പിക്സ് ഫുട്ബോൾ മത്സരം വിവാദങ്ങളിലാണ് അവസാനിച്ചത്. മത്സരത്തിൽ അർജന്റീന ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. അർജന്റീന സമനില ഗോൾ നേടിയിരുന്നുവെങ്കിലും രണ്ട് മണിക്കൂറിനു ശേഷം അത് നിഷേധിക്കുകയായിരുന്നു.അങ്ങനെയാണ് അർജന്റീനക്ക് ഒന്നിനെതിരെ 2 ഗോളുകൾക്ക് പരാജയപ്പെടേണ്ടിവന്നത്.
ഇതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചുകൊണ്ട് അർജന്റീനയുടെ പരിശീലകനായ ഹവിയർ മശെരാനോ രംഗത്ത് വന്നിട്ടുണ്ട്. ഞാൻ കണ്ട ഏറ്റവും വലിയ സർക്കസ് എന്നാണ് ഈ നാടകീയ സംഭവങ്ങളെക്കുറിച്ച് അർജന്റീന കോച്ച് പറഞ്ഞിട്ടുള്ളത്. മത്സരം വീണ്ടും കളിക്കാൻ മൊറോക്കോ പോലും ആഗ്രഹിച്ചിരുന്നില്ല എന്നും ഈ പരിശീലകൻ കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” എന്താണ് സംഭവിച്ചത് എന്നത് എനിക്ക് വിശദീകരിക്കാനാവുന്നില്ല. ഒന്നരമണിക്കൂറാണ് ഞങ്ങൾ ഡ്രസിങ് റൂമിൽ കാത്തുനിന്നത്.എന്താണ് സംഭവിക്കുന്നതെന്ന് ആരും തന്നെ ഞങ്ങളെ അറിയിച്ചില്ല. മൊറോക്കൻ താരങ്ങൾ പോലും ഈ മത്സരം വീണ്ടും കളിക്കാൻ ആഗ്രഹിച്ചിരുന്നില്ല. അവരുടെ ആരാധകർ ഞങ്ങളെ ആക്രമിച്ചു. എന്റെ ജീവിതത്തിൽ കണ്ട ഏറ്റവും വലിയ സർക്കസ് ആണ് ഇത്.മെഡിനയുടെ ഗോൾ ഓഫ് സൈഡ് ആണെങ്കിലും മത്സരം അപ്പോൾ തന്നെ തുടരണമായിരുന്നു. ഒന്നരമണിക്കൂറിന് ശേഷം മൂന്നു മിനിറ്റ് കളിക്കുന്നത് എവിടുത്തെ രീതിയാണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല “ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ഫുട്ബോൾ ലോകത്ത് ഇത് വലിയ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്.ഫിഫക്ക് അർജന്റീന ഈ വിഷയത്തിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.