ഞങ്ങൾ നന്നായി ശ്രമിച്ചു, നിർഭാഗ്യത്തെ പഴിച്ച് കൊണ്ട് ഓട്ടമെന്റി പറയുന്നു !

ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ സമനിലയിൽ കുരുങ്ങാനായിരുന്നു അർജന്റീനയുടെ വിധി.പരാഗ്വയാണ് അർജന്റീനയെ 1-1 എന്ന സ്കോറിന് സമനിലയിൽ തളച്ചത്. പരാഗ്വക്ക്‌ വേണ്ടി എയ്ഞ്ചൽ റൊമേറോ ഗോൾ നേടിയപ്പോൾ അർജന്റീനയുടെ സമനില ഗോൾ നിക്കോളാസ് ഗോൺസാലസിന്റെ വകയായിരുന്നു. മികച്ച പ്രകടനം നടത്തിയിട്ടും ഗോളുകൾ നേടാനാവാതെ പോയതാണ് അർജന്റീനക്ക്‌ തിരിച്ചടിയായത്. കൂടാതെ മെസ്സി ഒരു ഗോൾ നേടിയെങ്കിലും വാർ പരിശോധിച്ച റഫറി അത് അനുവദിച്ചില്ല. ഇപ്പോഴിതാ മത്സരം സമനിലയിലായതിലുള്ള നിരാശ പങ്കുവെച്ചിരിക്കുകയാണ് അർജന്റൈൻ പ്രതിരോധനിര താരം നിക്കോളാസ് ഓട്ടമെന്റി. ജയത്തിന് വേണ്ടി തങ്ങൾ പരമാവധി ശ്രമിച്ചിരുന്നുവെന്നും എന്നാൽ നിർഭാഗ്യം വിലങ്ങുതടിയായെന്നുമാണ് ഓട്ടമെന്റി മത്സരശേഷം അറിയിച്ചത്. തങ്ങൾ നേടിയ ഒരു ഗോൾ നിർഭാഗ്യത്തിന്റെ പുറത്താണ് നഷ്ടമായതെന്നും താരം കൂട്ടിച്ചേർത്തു. കൂടാതെ ലോ സെൽസോ, നിക്കോളാസ് ഗോൺസാലസ് എന്നിവരെ പുകഴ്ത്താനും താരം മറന്നില്ല.

” ആദ്യ പകുതിയിൽ ഞങ്ങൾക്ക്‌ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മുഴുവനായിട്ടും ഞങ്ങൾ അവരുടെ കളത്തിലായിരുന്നു. ഞങ്ങൾ ഒരു ഗോൾ കൂടെ കണ്ടെത്തിയിരുന്നു. പക്ഷെ നിർഭാഗ്യവശാൽ അത് അനുവദിക്കപ്പെട്ടില്ല. പക്ഷെ ഞങ്ങൾ ശ്രമിച്ചു. നല്ല രീതിയിൽ തന്നെ ശ്രമിച്ചു. പക്ഷെ വിജയിക്കാൻ ഞങ്ങൾക്ക്‌ സാധിച്ചില്ല. നിർഭാഗ്യവശാൽ പലാസിയോസിന് പരിക്ക് മൂലം പുറത്തേക്ക് പോവേണ്ടി വന്നു. എന്നാൽ ലോ സെൽസോ മികച്ച രീതിയിൽ തന്നെയാണ് കളിച്ചത്. എല്ലാവരും തങ്ങളുടെ നാഷണൽ ടീമിൽ കളിക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ജാഗരൂഗരായിരുന്നു. ലോ സെൽസോ ബോളുകൾ ചോദിച്ചു വാങ്ങുകയും വിടവുകൾ കണ്ടെത്തി ആവിശ്യമുള്ളിടത്തേക്ക്‌ ബോളുകൾ നൽകുകയും ചെയ്തിരുന്നു. അത്പോലെ തന്നെ നിക്കോളാസിന്റെയും പ്രകടനം മികച്ചതായിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തിൽ തീർച്ചയായും പരിശീലകൻ സന്തോഷവാനാണ് ” ഓട്ടമെന്റി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *