ഞങ്ങളെക്കാൾ മികച്ച ഒരു ടീം ഇല്ല : സ്പാനിഷ് പരിശീലകൻ
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ സ്പെയിനിന് കഴിഞ്ഞിരുന്നു. കരുത്തരായ ഇറ്റലിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ 55ആം മിനിറ്റിൽ ഇറ്റാലിയൻ താരമായ കലാഫിയോരി വഴങ്ങിയ സെൽഫ് ഗോളാണ് സ്പെയിനിന് വിജയം സമ്മാനിച്ചത്. ഇതോടെ സ്പെയിൻ പ്രീ ക്വാർട്ടറിൽ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു. മിന്നുന്ന പ്രകടനം നടത്തിയ സ്പെയിൻ ഇറ്റലിയെ തീർത്തും നിഷ്പ്രഭരാക്കി കളയുകയായിരുന്നു.
ഗോൾകീപ്പർ ഡോണ്ണാരുമയുടെ മികവാണ് കൂടുതൽ ഗോളുകൾ വഴങ്ങുന്നതിൽ നിന്നും ഇറ്റലിയെ രക്ഷപ്പെടുത്തിയത്. ഏതായാലും ഈ മത്സരത്തിനുശേഷം തന്റെ സ്വന്തം ടീമിനെ പ്രശംസിച്ചിരിക്കുകയാണ് അവരുടെ പരിശീലകനായ ലൂയിസ് ഫൂന്റെ.ഇന്ന് സ്പെയിനിനേക്കാൾ മികച്ച ഒരു ടീം ഇല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. നിലവിലെ ചാമ്പ്യന്മാർക്കെതിരെയാണ് തങ്ങൾ ഈ വിജയം നേടിയതെന്നും പരിശീലകൻ ഓർമിപ്പിച്ചു.ഫൂന്റെയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഇത് കേവലം ഒരു വിജയമല്ല. നിലവിലെ യൂറോപ്പ്യൻ ചാമ്പ്യന്മാർക്കെതിരെ ആധികാരികമായ ഒരു വിജയമാണ് ഞങ്ങൾ നേടിയിട്ടുള്ളത്.മത്സരത്തിൽ ആധിപത്യം പുലർത്തിയത് ഞങ്ങൾ തന്നെയാണ്.കൂടുതൽ ഗോളുകൾ ഞങ്ങൾക്ക് നേടാൻ സാധിക്കുമായിരുന്നു.ഞങ്ങൾക്ക് ഇനിയും ഇമ്പ്രൂവ് ആവാനുണ്ട്.പടിപടിയായി കൊണ്ടാണ് ഞങ്ങൾ മുന്നോട്ട് പോകേണ്ടത്. നിലവിൽ ഞങ്ങളെക്കാൾ മികച്ച ടീം യൂറോ കപ്പിൽ ഇല്ല.ഞങ്ങൾ തന്നെയാണ് മികച്ച രീതിയിൽ കളിക്കുന്നത്. പക്ഷേ ഞങ്ങൾ എളിമയോടുകൂടി തുടരണം. അടുത്ത റൗണ്ട് മത്സരങ്ങളിൽ സൂക്ഷിക്കുകയും വേണം ” ഇതാണ് സ്പെയിൻ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഇനി ഗ്രൂപ്പിൽ അൽബേനിയക്കെതിരെയുള്ള മത്സരമാണ് സ്പാനിഷ് പടക്ക് അവശേഷിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ യമാലും നിക്കോ വില്യംസും കുക്കുറെല്ലയുമൊക്കെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ കിരീടഫേവറേറ്റുകളിൽ ഒന്നായിക്കൊണ്ട് പലരും സ്പെയിനിനെ വിലയിരുത്തി തുടങ്ങിയിട്ടുണ്ട്.