ജർമ്മൻ ടീമിൽ ടെർ സ്റ്റീഗന് സ്ഥാനമില്ല, ഒഴിവാക്കാൻ അപേക്ഷിച്ചത് താരം തന്നെ !

ഈ മാസം നടക്കുന്ന സൗഹൃദമത്സരത്തിനും യുവേഫ നേഷൻസ് ലീഗിനുമുള്ള ജർമ്മൻ സ്‌ക്വാഡിൽ ബാഴ്‌സ ഗോൾകീപ്പർ ടെർ സ്റ്റീഗന് സ്ഥാനം ലഭിച്ചിരുന്നില്ല. സൗഹൃദ മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെയും നേഷൻസ് ലീഗിൽ ഉക്രൈൻ, സ്പെയിൻ എന്നിവരെയുമാണ് ജർമ്മനി ഈ ഇന്റർനാഷണൽ ബ്രേക്കിൽ നേരിടുന്നത്. ഈ ടീമിലേക്കുള്ള ഗോൾകീപ്പർമാരായി പരിശീലകൻ ജോക്കിം ലോ മാനുവൽ ന്യൂയർ, കെവിൻ ട്രാപ്പ്, ബേൺഡ് ലെനോ എന്നിവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബാഴ്‌സയുടെ ഗോൾകീപ്പർ ടെർ സ്റ്റീഗന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ തന്നെ ടീമിൽ നിന്നും ഒഴിവാക്കാൻ ടെർ സ്റ്റീഗൻ തന്നെയാണ് പരിശീലകനോട് അപേക്ഷിച്ചത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജർമ്മൻ മാധ്യമമായ ബിൽഡിനെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് ഏറെ കാലം വിശ്രമത്തിലായിരുന്ന ടെർ സ്റ്റീഗൻ ദിവസങ്ങൾക്ക്‌ മുമ്പ് ബാഴ്‌സ ടീമിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്ന് ഡൈനാമോ കീവ്, റയൽ ബെറ്റിസ് എന്നീ ടീമുകൾക്കെതിരെ താരം കളിച്ചിരുന്നു. എന്നാൽ ജർമ്മൻ ടീമിനോടൊപ്പം ചേരാൻ നിലവിൽ താല്പര്യമില്ലെന്നും തന്റെ പൂർണ്ണഫിറ്റ്നസ് വീണ്ടെടുക്കാൻ ബാഴ്സയിൽ തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ടെർ സ്റ്റീഗൻ പരിശീലകനോട് അറിയിക്കുകയായിരുന്നു. തുടർന്ന് തന്നെ ജർമ്മൻ ടീമിൽ നിന്നും ഒഴിവാക്കി തരണമെന്ന് ടെർ സ്റ്റീഗൻ അപേക്ഷിക്കുകയായിരുന്നു. ഇതിനെ തുടർന്നാണ് താരത്തെ ടീമിൽ നിന്നും ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ടുകൾ.ബയേൺ മ്യൂണിക്ക് ഗോൾകീപ്പർ മാനുവൽ ന്യൂയർ തന്നെയായിരിക്കും ഈ മത്സരങ്ങളിൽ ഗോൾവലകാക്കുക.

Leave a Reply

Your email address will not be published. Required fields are marked *