ജനനതിയ്യതി കൊണ്ടല്ല, ഫോം കൊണ്ടാണ് ഇറ്റലിക്കാർ നിങ്ങളെ വിലയിരുത്തുക, ക്രിസ്റ്റ്യാനോയെ പ്രശംസിച്ച് ലൂയിസ് ഫിഗോ !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ വാനോളം പ്രശംസിച്ചു കൊണ്ട് ഇതിഹാസതാരം ലൂയിസ് ഫിഗോ രംഗത്ത്. കഴിഞ്ഞ ദിവസം മാർക്കക്ക്‌ നൽകിയ അഭിമുഖത്തിലാണ് ഫിഗോ ഒരുപാട് കാര്യങ്ങളെ കുറിച്ച് സംസാരിച്ചത്. അക്കൂട്ടത്തിലാണ് ഇദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ നിലവിലെ ഫോമിനെ കുറിച്ചും പ്രതിപാദിച്ചത്. റൊണാൾഡോക്ക്‌ തന്റെ പ്രായം ഒരു വിഷയമല്ലെന്നും അദ്ദേഹത്തിന് ഇനിയും ഗോളടിച്ചു കൂട്ടാൻ സാധിക്കുമെന്നും ലൂയിസ് ഫിഗോ അറിയിച്ചു. സ്പെയിനിനെ പോലെയല്ല ഇറ്റലിയിലെ കാര്യങ്ങളെന്നും അവർ പ്രായത്തിന് പരിഗണന നൽകുന്നില്ലെന്നും മറിച്ച് ഫോമിനാണ് അവർ പരിഗണന നൽകുന്നതെന്നും ഫിഗോ കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോയും ഫിഗോയും ഒരുമിച്ച് പോർച്ചുഗൽ ടീമിൽ കളിച്ച താരങ്ങളാണ്. ഇറ്റലിയിൽ ജനനതിയ്യതി നോക്കിയിട്ടല്ല ഓരോ താരത്തെയും വിലയിരുത്തുകയെന്നും മറിച്ച് ഫോം അടിസ്ഥാനമാക്കിയാണ് വിലയിരുത്തുക എന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.

” ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ ഫോമിൽ എനിക്ക് യാതൊരു വിധ അത്ഭുതവുമില്ല. എന്തെന്നാൽ അദ്ദേഹം എപ്പോഴും മഹത്തായ ഒരു പ്രൊഫഷണലാണ്. അദ്ദേഹം തന്റെ ഗോൾ വേട്ട തുടരുക തന്നെ ചെയ്യും. എന്തെന്നാൽ അത് അദ്ദേഹത്തിന് ലഭിച്ച ഒരു വരദാനമാണ്. അദ്ദേഹത്തിനെ ശാരീരികപരമായ കാര്യങ്ങൾ അതിന് അനുവദിക്കുന്നുമുണ്ട്. തീർച്ചയായും പ്രായം എന്നുള്ളത് നമ്മുടെ വേഗതയെയും മറ്റുള്ള കാര്യങ്ങളെയും സ്വാധീനിക്കുക തന്നെ ചെയ്യും. പക്ഷെ അദ്ദേഹം ഗോൾ വേട്ട തുടരാൻ ഏറെ ആഗ്രഹമുള്ള വ്യക്തിയാണ്. അതിനാൽ തന്നെ ഇനിയും ഒരുപാട് ഗോളുകൾ നേടാൻ അദ്ദേഹത്തിന് സാധിക്കും. താരങ്ങളുടെ വയസ്സുമായി ബന്ധപ്പെട്ട കാര്യത്തിൽ സ്പെയിനും ഇറ്റലിയും തമ്മിൽ വിത്യാസമുണ്ട്. സ്പെയിനിൽ 30, 31 വയസ്സാവുകയും ഒരു മത്സരം മോശമായ രീതിയിൽ കളിക്കുകയും ചെയ്താൽ അവിടെയുള്ളവർ വിമർശിക്കാൻ തുടങ്ങും. അവർ പറയും നിങ്ങളുടെ കരിയർ അവസാനിച്ചുവെന്ന്. എന്നാൽ ഇറ്റലിയിൽ അങ്ങനെയല്ല. അവർ ഒരിക്കലും നിങ്ങളുടെ ജനനതിയ്യതിയെ അടിസ്ഥാനമാക്കി വിലയിരുത്തില്ല. മറിച്ച് നിങ്ങളുടെ പ്രകടനമാണ് അവർ പരിഗണിക്കുക ” ലൂയിസ് ഫിഗോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *