ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ: നെയ്മറുടെ അഭാവത്തെക്കുറിച്ച് ബ്രസീൽ കോച്ച് പറയുന്നു.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുക. ആദ്യമത്സരത്തിൽ കൊളംബിയയാണ് ബ്രസീലിന്റെ എതിരാളികൾ.വരുന്ന പതിനേഴാം തീയതിയാണ് ആ മത്സരം നടക്കുക. പിന്നീട് നവംബർ 22 ആം തീയതി നടക്കുന്ന മത്സരത്തിൽ ബ്രസീൽ ചിരവൈരികളായ അർജന്റീനയെ നേരിടും. പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ആ പോരാട്ടം അരങ്ങേറുക.
ഈ മത്സരങ്ങൾക്കുള്ള ടീമിനെ ബ്രസീൽ പരിശീലകൻ ഡിനിസ് ഇന്നലെയാണ് പ്രഖ്യാപിച്ചത്. പരിക്ക് മൂലം നെയ്മർക്ക് ഈ മത്സരങ്ങൾ നഷ്ടമാകും. അദ്ദേഹത്തിന്റെ സർജറി പൂർത്തിയായിരുന്നു. 6 മുതൽ 8 മാസങ്ങൾ വരെ അദ്ദേഹം പുറത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. നെയ്മറുടെ അഭാവത്തെക്കുറിച്ച് ബ്രസീൽ പരിശീലകനായ ഡിനിസ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
throwback to neymar's 2021 copa america campaign pic.twitter.com/NiThGY4Udo
— ً (@armm2_) November 3, 2023
” നെയ്മർ ഇല്ലാതെ കളിക്കുക എന്നുള്ളത് എപ്പോഴും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബ്രസീലിയൻ ഫുട്ബോളിന് മാത്രമല്ല, ലോക ഫുട്ബോളിന് തന്നെ അദ്ദേഹത്തിന്റെ അഭാവം ഒരു നഷ്ടമാണ്. നെയ്മർ ഒരു ഫുട്ബോൾ ജീനിയസ് ആണ്.എന്റെ അഭിപ്രായത്തിൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് നെയ്മർ. വളരെ വേഗത്തിൽ അദ്ദേഹം പരിക്കിൽ നിന്നും മുക്തി നേടട്ടെ എന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. പൂർവാധികം ശക്തിയോടുകൂടി തിരിച്ചുവരാൻ അദ്ദേഹത്തിന് സാധിക്കും. അദ്ദേഹത്തിന് ഇനിയും മനോഹരമായ ചരിത്രം രേഖപ്പെടുത്താൻ സാധിക്കുക തന്നെ ചെയ്യും ” ഡിനിസ് പറഞ്ഞു.
കഴിഞ്ഞ ഉറുഗ്വക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മർക്ക് ഗുരുതരമായി പരിക്കേറ്റത്.ഈ സീസണിൽ ഇനി അദ്ദേഹം കളിക്കാനുള്ള സാധ്യതകൾ കുറവാണ്.അടുത്തവർഷം മധ്യത്തിലാണ് കോപ്പ അമേരിക്ക അരങ്ങേറുന്നത്. അപ്പോഴേക്കും നെയ്മർ പൂർണ്ണ സജ്ജനായി തിരിച്ചെത്തണേ എന്ന പ്രാർത്ഥനയിലാണ് ആരാധകർ ഉള്ളത്.