ഗ്രൂപ്പിൽ അർജന്റീന ഒന്നാമത്,ക്വാർട്ടറിൽ പ്രവേശിക്കാൻ ഇനി വേണ്ടത് എന്ത്?
ഒളിമ്പിക്സിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് അർജന്റീന സ്വന്തമാക്കിയത്.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അവർ ഇറാഖിനെ തോൽപ്പിച്ചത്. മത്സരത്തിൽ തിയാഗോ അൽമേഡ,എക്വി ഫെർണാണ്ടസ്,ഗോണ്ടൂ എന്നിവർ നേടിയ ഗോളുകളാണ് അർജന്റീനക്ക് വിജയം സമ്മാനിച്ചിട്ടുള്ളത്. രണ്ട് അസിസ്റ്റുകൾ സ്വന്തമാക്കിയ ഹൂലിയൻ ആൽവരസും മത്സരത്തിൽ തിളങ്ങിയിട്ടുണ്ട്.
ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അർജന്റീന ഈ മത്സരത്തിൽ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ഇതോടുകൂടി മൂന്ന് പോയിന്റ് നേടിക്കൊണ്ട് ഗ്രൂപ്പിൽ അവർ ഒന്നാമത് എത്തിയിട്ടുണ്ട്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ഉക്രൈൻ മൊറോക്കോയെ തോൽപ്പിച്ചിട്ടുണ്ട്.അതോടെ അർജന്റീനയുടെ ഗ്രൂപ്പിൽ എല്ലാവർക്കും 3 പോയിന്റ് വീതമായി. പക്ഷേ ഗോൾ ഡിഫറൻസിൽ മുന്നിലുള്ള അർജന്റീന ഒന്നാം സ്ഥാനം നേടുകയായിരുന്നു.
നിലവിൽ ഈ ഗ്രൂപ്പിലെ 4 ടീമുകൾക്കും ഒരുപോലെ ക്വാർട്ടർ സാധ്യതകൾ അവശേഷിക്കുന്നുണ്ട്. അർജന്റീനയുടെ അവസാനത്തെ ഗ്രൂപ്പ് മത്സരം ഉക്രൈനെതിരെയാണ്. ആ മത്സരത്തിൽ വിജയിച്ചു കഴിഞ്ഞാൽ അർജന്റീനക്ക് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാം. അതല്ല സമനിലയോ തോൽവിയോയാണ് വഴങ്ങുന്നതെങ്കിൽ കാര്യങ്ങൾ സങ്കീർണ്ണമാകും. ഗ്രൂപ്പിൽ നടക്കുന്ന മറ്റൊരു മത്സരമായ ഇറാക്ക്-മൊറൊക്കോ മത്സരത്തെ ആശ്രയിച്ചായിരിക്കും അർജന്റീനയുടെ സാധ്യതകൾ നിലകൊള്ളുക.അർജന്റീന ചെയ്യേണ്ട കാര്യം അടുത്ത മത്സരത്തിൽ വിജയിക്കുക എന്നതാണ്.
ഒരു ഗ്രൂപ്പിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാർ മാത്രമാണ് അടുത്തഘട്ടത്തിലേക്ക് മുന്നേറുക.ഇനി പോയിന്റുകൾ തുല്യമായാൽ ആദ്യം പരിഗണിക്കുക ഗോൾ ഡിഫറൻസാണ്. അത് ഒരുപോലെയായാൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ടീമിനെ പരിഗണിക്കും. അതും ഒരുപോലെയായാൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ടീമിനെ പരിഗണിക്കും.അതിനുശേഷം പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഉള്ള ഗോൾ ഡിഫറൻസാണ് പരിഗണിക്കുക.ഇങ്ങനെയാണ് അതിന്റെ ക്രൈറ്റീരിയ വരുന്നത്.ഏതായാലും അർജന്റീനക്ക് നിലവിൽ കാര്യങ്ങൾ അനുകൂലമാണ്. ഗോൾ ഡിഫറൻസിൽ അവർ മുൻപിലാണ്. അടുത്ത മത്സരത്തിൽ അബദ്ധങ്ങൾ ഒന്നും കാണിക്കാതിരുന്നാൽ അർജന്റീനയെ ക്വാർട്ടർ ഫൈനലിൽ കാണാൻ സാധിക്കും.