ഗ്രീസ്‌മാൻ പെനാൽറ്റി പാഴാക്കിയിട്ടും എംബാപ്പെ ഗോളിൽ ജയം നുണഞ്ഞ് ഫ്രാൻസ്, ബെൽജിയത്തിനും ജയം !

ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗിൽ സൂപ്പർ താരങ്ങൾ അടങ്ങിയ ഫ്രാൻസിന് ഏകപക്ഷീയമായ ഒരു ഗോൾ ജയം. സ്വീഡനെയാണ് ഫ്രഞ്ച് പട ഒരു ഗോളിന് കീഴടക്കിയത്. സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഗോളാണ് ഫ്രാൻസിന്റെ രക്ഷക്കെത്തിയത്. നാല്പത്തിയൊന്നാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ മനോഹരമായ ഗോൾ പിറന്നത്. സ്വീഡൻ പ്രതിരോധനിരയെ മനോഹരമായി വെട്ടിയൊഴിഞ്ഞു മുന്നേറിയ എംബാപ്പെ അസാധ്യമെന്ന് തോന്നിച്ചിടത്ത് നിന്ന് ഗോളാക്കി മാറ്റുകയായിരുന്നു. എന്നാൽ പിന്നീട് ഗോളുകളൊന്നും നേടാൻ സാധിച്ചില്ല. എന്നാൽ മത്സരത്തിന്റെ 95-ആം മിനുട്ടിൽ ലീഡുയർത്താനുള്ള സുവർണാവസരം ഫ്രാൻസിന് ലഭിച്ചിരുന്നു. എന്നാൽ ലഭിച്ച പെനാൽറ്റി സൂപ്പർ താരം ഗ്രീസ്‌മാൻ തുലച്ചു കളയുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പ്‌ മൂന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്. മൂന്ന് പോയിന്റുകൾ തന്നെയുള്ള പോർച്ചുഗൽ ആണ് ഒന്നാമതുള്ളത്. തോറ്റെങ്കിലും ഫ്രാൻസിനെ വിറപ്പിച്ച പ്രകടനമാണ് സ്വീഡൻ നടത്തിയത്. പലപ്പോഴും നിർഭാഗ്യം കൊണ്ട് സ്വീഡന് ഗോൾ നേടാനാവാതെ പോവുകയായിരുന്നു.

അതേ സമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ബെൽജിയത്തിന് ജയം. ഡെന്മാർക്കിനെയാണ് എതിരില്ലാത്ത രണ്ട് ഗോളിന് ബെൽജിയം തകർത്തു വിട്ടത്. സൂപ്പർ താരം ഈഡൻ ഹസാർഡിന്റെ അഭാവത്തിൽ ഡ്രൈസ് മെർട്ടൻസാണ് ബെൽജിയത്തിനെ മുന്നിൽ നിന്ന് നയിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായിരുന്നു താരത്തിന്റെ സംഭാവന. ഒൻപതാം മിനുട്ടിൽ തന്നെ താരത്തിന്റെ അസിസ്റ്റിൽ നിന്ന് ഡെനായെർ ഗോൾ കണ്ടെത്തി. 76-ആം മിനുട്ടിൽ യൗരിയുടെ അസിസ്റ്റിൽ നിന്ന് മെർട്ടൻസ് വലകുലുക്കി. റൊമേലു ലുക്കാക്കു കളത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല. ജയത്തോടെ മൂന്ന് പോയിന്റ് നേടികൊണ്ട് ഒന്നാമതാണ് ബെൽജിയം. മൂന്ന് പോയിന്റ് തന്നെയുള്ള ഇംഗ്ലണ്ട് ആണ് രണ്ടാമത്.

Leave a Reply

Your email address will not be published. Required fields are marked *