ഗോൾ സമർപ്പിച്ചത് അമാപയിലെ ജനതക്ക്, അവരുടെ പ്രശ്നങ്ങൾ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി റിച്ചാർലീസൺ !

എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ ഉറുഗ്വയെ ബ്രസീൽ തകർത്തപ്പോൾ അതിൽ രണ്ടാമത്തെ ഗോൾ റിച്ചാർലീസണിന്റെ വകയായിരുന്നു. മത്സരത്തിന്റെ നാല്പത്തിയഞ്ചാം മിനുട്ടിൽ റെനാൻ ലോദിയുടെ ക്രോസിൽ നിന്നും ഒരു ഹെഡറിലൂടെയാണ് താരം വലകുലുക്കിയത്. ഇരുപത്തിമൂന്ന് മത്സരങ്ങൾ ബ്രസീലിന് വേണ്ടി കളിച്ച റിച്ചാർലീസണിന്റെ എട്ടാം ഗോളായിരുന്നു ഇത്. എന്നാൽ മത്സരശേഷം തന്റെ ഗോൾ സമർപ്പിച്ചത് ബ്രസീലിയൻ സംസ്ഥാനമായ അമാപയിലെ ജനതക്കായിരുന്നു. രണ്ടാഴ്ച്ചയോളം വൈദ്യുതി മുടങ്ങികിടക്കുന്ന ആ ജനതയുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലേക്ക് എത്തിക്കാനായിരുന്നു റിച്ചാർലീസൺ തന്റെ ഗോൾ ഉപയോഗിച്ചത്. അവരുടെ ഓരോ പ്രശ്നങ്ങളും ചൂണ്ടികാട്ടിയ ഈ സൂപ്പർ താരം എത്രയും പെട്ടന്ന് അത് പരിഹരിക്കണമെന്നും ഗവണ്മെന്റിനോട്‌ അഭ്യർത്ഥിച്ചു.

” ബ്രസീലിയൻ ടീമിനോടൊപ്പം ഗോൾ നേടുക എന്നുള്ളത് എപ്പോഴും പ്രത്യേകത നിറഞ്ഞ ഒരു കാര്യമാണ്. മാത്രമല്ല ഉറുഗ്വ പോലെയൊരു മഹത്തായ ടീമിനെതിരെയാവുമ്പോൾ സന്തോഷം വർധിപ്പിക്കുന്നു. പക്ഷെ ഈ ഗോൾ അമാപയിലെ ജനതക്ക്‌ സമർപ്പിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അവരെല്ലാം ഈ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. ഒരു ബ്രസീലിയൻ പൗരൻ എന്ന നിലയിൽ അവരുടെ പ്രശ്നങ്ങൾക്ക്‌ പരിഹാരം കാണാൻ ഞാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. അവർ നല്ല ജനതയാണ്. അവരുടെ കുടുംബത്തിനും കുട്ടികൾക്കും നല്ലൊരു ജീവിതമുണ്ടാവാൻ അവർ ആഗ്രഹിക്കുന്നു. എന്നാൽ നികുതികൾ മുതൽ ഭക്ഷണചിലവുകൾ വരെ അവർക്ക്‌ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു. എത്രയും പെട്ടന്ന് ഇക്കാര്യത്തിൽ നടപടി എടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” റിച്ചാർലീസൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *