ഗോൾ വേട്ട തുടരുന്നു,ലൗറ്ററോ മറഡോണയുടെ തൊട്ടു പിറകിൽ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനക്ക് ഞെട്ടിക്കുന്ന തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് അർജന്റീനയെ പരാഗ്വയാണ് തോൽപ്പിച്ചത്.ആദ്യം ലീഡ് കരസ്ഥമാക്കിയത് അർജന്റീനയാണ്. എന്നാൽ പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട് പരാഗ്വ ഈ മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു. അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ കേവലം ഒരെണ്ണത്തിൽ മാത്രമാണ് അർജന്റീനക്ക് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.
മത്സരത്തിന്റെ പതിനൊന്നാം മിനിട്ടിലാണ് അർജന്റീന ഗോൾ കണ്ടെത്തിയത്.എൻസോയുടെ അസിസ്റ്റിൽ നിന്നും ലൗറ്ററോ മാർട്ടിനെസാണ് ഈ ഗോൾ നേടിയിട്ടുള്ളത്.അർജന്റീന ദേശീയ ടീമിന് വേണ്ടി താരം നേടുന്ന 31ആമത്തെ ഗോളായിരുന്നു ഇത്. 69 മത്സരങ്ങളിൽ നിന്നാണ് താരം 31 ഗോളുകൾ പൂർത്തിയാക്കിയിട്ടുള്ളത്.
ഇതോടെ ഗോൺസാലോ ഹിഗ്വയ്ന്റെ കണക്കിനൊപ്പമെത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അർജന്റീന ദേശീയ ടീമിന് വേണ്ടി ഹിഗ്വയൻ 31 ഗോളുകളാണ് നേടിയിട്ടുള്ളത്. അർജന്റീനയുടെ ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ആറാമത്തെ താരം എന്ന റെക്കോർഡാണ് ഈ രണ്ടുപേരും ഇപ്പോൾ പങ്കിടുന്നത്. അഞ്ചാം സ്ഥാനത്ത് സാക്ഷാൽ ഡിയഗോ മറഡോണയാണ്.32 ഗോളുകളാണ് അദ്ദേഹം നേടിയിട്ടുള്ളത്.
അതായത് അർജന്റീനക്ക് വേണ്ടി രണ്ട് ഗോളുകൾ കൂടി നേടിക്കഴിഞ്ഞാൽ ലൗറ്ററോക്ക് മറഡോണയെ മറികടക്കാൻ സാധിക്കും. അതേസമയം ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത് വരുന്നത് ലയണൽ മെസ്സിയാണ്. 112 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്. 54 ഗോളുകൾ നേടിയ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട രണ്ടാം സ്ഥാനത്തും 42 ഗോളുകൾ നേടിയ സെർജിയോ അഗ്വേറോ മൂന്നാം സ്ഥാനത്തും 35 ഗോളുകൾ നേടിയ ഹെർനൻ ക്രസ്പോ നാലാം സ്ഥാനത്തുമാണ് വരുന്നത്. ഏതായാലും ലൗറ്ററോ ഇനിയും കൂടുതൽ ഗോളുകൾ അർജന്റീനക്കായി വർഷിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.