ഗോൾ വരൾച്ചക്ക് വിരാമമിട്ടു, ആത്മവിശ്വാസത്തോടെ ലൗറ്ററോ പറഞ്ഞത് ഇങ്ങനെ!
ഈ മാസം നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലോ കോപ്പ അമേരിക്ക മത്സരങ്ങളിലോ ഒരൊറ്റ ഗോൾ പോലും നേടാൻ സാധിക്കാതെ പോയ താരമായിരുന്നു സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസ്. അതിനെ തുടർന്ന് താരത്തിന് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു. എന്നാൽ ഇന്ന് നടന്ന ബൊളീവിയക്കെതിരെയുള്ള മത്സരത്തിൽ ഗോൾവരൾച്ചക്ക് വിരാമമിടാൻ ലൗറ്ററോക്ക് സാധിച്ചിരുന്നു.മത്സരത്തിന്റെ 65-ആം മിനുട്ടിലാണ് ലൗറ്ററോയുടെ ഗോൾ പിറന്നത്.ഇതോടെ 26 മത്സരങ്ങളിൽ നിന്ന് അർജന്റീനക്ക് വേണ്ടി 12 ഗോളുകൾ പൂർത്തിയാക്കാൻ താരത്തിന് സാധിച്ചിരുന്നു. ഏതായാലും മത്സരശേഷം ആത്മവിശ്വാസത്തോടെ സംസാരിച്ചിരിക്കുകയാണ് താരം.ഗോൾ നേടിയതിലും ടീമിന്റെ കാര്യത്തിലും താൻ സന്തോഷവാനാണ് എന്നാണ് ലൗറ്ററോ അറിയിച്ചത്.
🐂🇦🇷⚽️ Lautaro Martínez rompió la sequía y volvió a convertir en la primera que tocó contra Bolivia. “Siempre trato de dar lo mejor. A veces entra y otras, no”, dijo. https://t.co/3UvofLd5IM
— Diario Olé (@DiarioOle) June 29, 2021
” എനിക്ക് ആശങ്കകൾ ഒന്നുമില്ലായിരുന്നു, ഞാൻ ശാന്തനായിരുന്നു.പരിശീലകനും സ്റ്റാഫുകളും സഹതാരങ്ങളും എന്നിൽ വിശ്വാസമർപ്പിച്ചിരുന്നു.ഞാൻ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കാറുള്ളത്.ചില സമയത്ത് അതിന് ഫലം കാണും, ചില സമയത്ത് ഫലം കാണില്ല.ഇന്നെനിക്ക് ഗോൾ നേടാനായി. അതിൽ സന്തോഷമുണ്ട്. ഒരു സ്ട്രൈക്കറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടത് ഗോളുകളാണ്.പക്ഷേ ഞാൻ ചുറ്റുമുള്ളതൊന്നും ശ്രദ്ദിക്കാറില്ല. ശാന്തനായി കൊണ്ടാണ് ഞാൻ കളിക്കാറുള്ളത്.ഈ ജേഴ്സി അണിയുക എന്നുള്ളത് ഏറ്റവും മനോഹരമായ കാര്യമാണ്.ടീം വർക്കിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.ടീം വളർച്ചയുടെ പാതയിലാണ് എന്നുള്ളത് എന്നെ കൂടുതൽ ഹാപ്പിയാക്കുന്നു.നിങ്ങൾ ഓരോ തവണ അർജന്റീനക്ക് വേണ്ടി കളിക്കുമ്പോഴും എല്ലാം വിജയിക്കുക എന്നത് മാത്രമായിരിക്കും നിങ്ങളുടെ ലക്ഷ്യം ” ലൗറ്ററോ പറഞ്ഞു.
അതേസമയം ക്വാർട്ടർ ഫൈനലിലെ തങ്ങളുടെ എതിരാളിയെ കുറിച്ചും സാധ്യതയെ കുറിച്ചും ലൗറ്ററോ പരാമർശിച്ചിട്ടുണ്ട്. ” ഇനി ഇക്വഡോറാണ് ഞങ്ങളുടെ എതിരാളികൾ. ഒരു ബുദ്ധിമുട്ടേറിയ എതിരാളികൾ തന്നെയാണ് ഇക്വഡോർ.ഏറ്റവും മികച്ച രീതിയിൽ തന്നെ ഞങ്ങൾ ഈ കിരീടത്തിനായി പോരാടും.മത്സരത്തിൽ ബുദ്ധിമുട്ടുണ്ടാവുമെന്നുള്ളത് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്.പക്ഷേ ഞങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ല. ഓരോ മത്സരം കൂടുംതോറും ടീം മികച്ചതായി വരുന്നുണ്ട്.വിജയം മാത്രമായിരിക്കും ഞങ്ങളുടെ ലക്ഷ്യം.ഞങ്ങളുടെ എല്ലാം താരങ്ങളും തിരിച്ചെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ” ലൗറ്ററോ പറഞ്ഞു.